![](https://sk0.blr1.cdn.digitaloceanspaces.com/sites/2369/posts/121983/EnnSwanthamJanakikutty.jpg)
by Abhijith VM | Edited by Neethu K.
ജാനകിക്കുട്ടിയെ 'ഞാട്ടി' എന്ന് വിളിക്കുന്നത് അവൾക്ക് ഇഷ്ടമല്ല. അല്ല, ജാനികിക്കുട്ടിയെ 'ഞാട്ടി' എന്ന് വിളിക്കുന്നവരെ അവൾക്ക് ഇഷ്ടമല്ല. രണ്ടാമത്തെ ഗണത്തിൽപ്പെട്ടവരാണ് അവൾക്ക് ചുറ്റും കൂടുതലും. അതിൽ 'വല്യമ്മടെ തൃപ്പുത്രി' സരോജിനിയേടത്തിയുണ്ട്—പിന്നീട് കണ്ണീർ പൊഴിച്ച് കീഴടങ്ങിയ ജാനകിക്കുട്ടിയുടെ ഏറ്റവും വലിയ ശത്രു.
1998-ൽ പുറത്തിറങ്ങിയ 'എന്ന് സ്വന്തം ജാനകിക്കുട്ടി' എം.ടി. വാസുദേവൻ നായരുടെ ചെറുകഥ 'ചെറിയ ചെറിയ ഭൂകമ്പങ്ങൾ' സിനിമയായതാണ്. എം.ടി തന്നെ തിരക്കഥയെഴുതി. സംവിധാനം ഹരിഹരൻ. പ്രേക്ഷകനിലേക്ക് പണിത 'നാലാം മതിൽ' ഇടയ്ക്ക് തകർക്കുന്ന ജാനകിക്കുട്ടിയായി വേഷമിട്ട ജോമോൾ ദേശീയ അവാർഡും നേടി.
വർഷങ്ങൾക്ക് മുൻപ് ടെലിവിഷനിൽ കാണുമ്പോൾ രാത്രി ഒഴുകിയെത്തുന്ന ചെമ്പകത്തിന്‍റെ സുഗന്ധംപോലെ മാത്രം തോന്നിച്ചിരുന്ന ഒരു സിനിമയാണിത്. ജീവിച്ച ജീവിതമല്ലെങ്കിലും അന്യമല്ലെന്ന് തോന്നുന്ന ഒരു കഥ; പുതുമഴ പോലെയും, ആകാശം കാണാതെ സ്റ്റീൽ അലമാരയുടെ പാതാളത്തിൽ നിന്ന് വർഷങ്ങൾക്ക് ശേഷം പുറത്തെടുത്ത വെള്ള മുണ്ടിന്‍റെതു പോലെയും പരിചിതമായ ഒരു മണം.
ചെറുകഥയാണ് നോവലിനെക്കാൾ 'ബുദ്ധിമുട്ടെ'ന്ന് എം.ടി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. "രണ്ടും തികച്ചും വ്യത്യസ്തമാണ്. നോവലിൽ ചില ഭാഗങ്ങൾ ദുർബലമാകാം. പിന്നീട് വായിക്കുമ്പോഴാണ് നമ്മൾ അത് തിരിച്ചറിയുക. പക്ഷേ, ഇത് ചെറുകഥയിൽ സംഭവിക്കാൻ പാടില്ല. ചെറുകഥയ്ക്ക് കൃത്യമായ അടുക്ക് വേണം."*
'ചെറിയ ചെറിയ ഭൂകമ്പങ്ങൾ' വായിച്ചതിന് ശേഷം 'എന്ന് സ്വന്തം ജാനകിക്കുട്ടി' കാണുമ്പോൾ ഈ വീക്ഷണം മനസ്സിലാകും. ചെറുകഥ എഴുതാവുന്നതിൽ ഏറ്റവും മികച്ച വാചകങ്ങളുടെ കൂട്ടമാണ്.
'എന്ന് സ്വന്തം ജാനകിക്കുട്ടി' ഒരു ഫാന്റസി-ഹൊറർ സിനിമയാണ്. മധ്യകാല യൂറോപ്പിലെ ഗോത്തിക് ഹൊറർ പോലെ, മലയാളത്തിലെ ഉപശാഖ 'ഇല്ലം ഹൊറർ' ആണല്ലോ. ഇവിടെയും തറപറ്റിയ ഒരു ഇല്ലം ഉണ്ട്, 'വൃഷളി'കളെ തേടിപ്പോയ ക്രൂരനായ നമ്പൂതിരിയുണ്ട്, അയാൾ കൊന്ന് കുളത്തിൽ താഴ്ത്തിയ കുഞ്ഞാത്തോലുണ്ട്.
പക്ഷേ, ഇത്തവണത്തെ കാഴ്ച്ചയിൽ എനിക്ക് 'എന്ന് സ്വന്തം ജാനകിക്കുട്ടി' ഒരു സൈക്കോളജിക്കൽ ഡ്രാമയാണ്.
14 വയസ്സുകാരിയായ ജാനകിക്കുട്ടി അവഗണിക്കപ്പെട്ട കൗമാരക്കാരിയാണ്. അവൾക്ക് സുഹൃത്തുക്കളില്ല. അവളുടെ മുഖത്ത് തീരെ ഭംഗിയില്ലാത്ത ഒരു കണ്ണടയുണ്ട്. വാൽപ്പാറയിലെ തേയിലത്തോട്ടത്തിൽ ജോലി ചെയ്യുന്ന അവളുടെ അച്ഛൻ വീട്ടിലേക്ക് വന്നിട്ട് മാസങ്ങളാകുന്നു. അമ്മയും വല്യമ്മയും ഭരിക്കുന്ന വീട്ടിലെ മറ്റുള്ള അംഗങ്ങൾ, ജാനകിക്കുട്ടിയുടെ സഹോദരൻ കുട്ടേട്ടനും സഹോദരി ദേവു ഏടത്തിയും സരോജിനിയേടത്തിയുമാണ്.
ഏട്ടത്തി എപ്പോഴും സിനിമാക്കാരുടെ ചിത്രങ്ങളുള്ള ബുക്കുകൾ വായിച്ച് കിടപ്പാണ്. ചെറിയ മാർക്കോടെ ഡിഗ്രി പാസ്സായ ഏട്ടന് 'ഉച്ചക്കാനം' നോക്കി ആടിനെ മേയ്ക്കാനെന്നും പറഞ്ഞ് വരുന്ന നാണിക്കുട്ടിയോട് കൈയ്യും കലാശവും കാണിക്കലാണ് തൊഴിൽ. കാര്യസ്ഥൻ രാവുണ്ണി നായർ ജാനകിക്കുട്ടിക്ക് ഗുണത്തിനുമില്ല ദോഷത്തിനുമില്ല.
ഇവരുടെയെല്ലാം 'പോയിരുന്ന് പഠിക്ക്' എന്ന ഉപദേശത്തിനും പരിഹാസത്തിനും ഇടയിൽ രണ്ടുപേരോടേ ജാനകിക്കുട്ടിക്ക് സ്നേഹമുള്ളൂ. ഒന്ന്, കാര്യസ്ഥന്റെ മകൻ ഭാസ്കരേട്ടൻ. രണ്ട്, മുത്തശ്ശി.
ഭാസ്കരേട്ടൻ മിടുക്കനാണ്. പട്ടണത്തിലെ കോളേജിൽ പഠിക്കുന്ന അയാൾ എല്ലാ പരീക്ഷക്കും ഒന്നാമതാണ്. ഓരോ ആഴ്ച്ചയും നാട്ടിലേക്ക് തിരികെ വരുമ്പോൾ അയാൾ ജാനകിക്കുട്ടിക്ക് സ്വർണ നിറമുള്ള ലേബലിൽ പൊതിഞ്ഞ ചോക്ക്ലേറ്റ് ബാറുകൾ വാങ്ങിക്കൊടുക്കും. അതിനെക്കാൾ മധുരം അയാളുടെ പ്രശംസകൾക്കാണ്.
"എന്ത് തിരക്കായാലും ജാനൂട്ടിയുടെ കാര്യം ഓർക്കാതിരിക്കാൻ പറ്റുമോ?"
"പാവാടയാ ജാനൂട്ടിക്ക് ചേരുക. അതാ ഭംഗി"
ജാനകിക്കുട്ടി സന്തോഷിച്ചു. 'പോയിരുന്നു പഠിക്ക്' എന്ന് കളിയാക്കി ഒരു തവണ സരോജിനിയും ദേവുവും മുറിയിൽ നിന്ന് പുറത്താക്കിയപ്പോൾ ജാനകിക്കുട്ടി (ഉറക്കെ) സ്വയം പറഞ്ഞു: "ലോകൈക സുന്ദരികളാണെന്നാ രണ്ടിന്‍റെയും വിചാരം...എന്നെക്കാണാനും ഭംഗിയുണ്ടെന്ന് തോന്നുന്ന ചിലരുണ്ട്. ഞാനാരോടും പറയില്ല."
ജാനകിക്കുട്ടിയുടെ നിഷ്കളങ്കമായ കണക്കുകൂട്ടലുകൾ തെറ്റിപ്പോയി. കാരണം, ഭാസ്കരേട്ടന് ഇഷ്ടം സരോജിനിയേടത്തിയോടായിരുന്നു. ആ ലോഹ്യത്തിനും ആയുസ്സുണ്ടായിരുന്നില്ല. കരഞ്ഞുകൊണ്ടാണ് അവർ പിരിഞ്ഞത്. ചെറുകഥയിൽ ഭാസ്കരന് ജാനകിക്കുട്ടിയോട് അടുപ്പമില്ല. അയാൾ പൊടിമീശ മാത്രമുള്ള, മൃദുവായ യുവാവുമല്ല. 'പുളിച്ച ചീത്ത' വിളിച്ചാണ് അയാൾ സരോജിനിയോടുള്ള പ്രണയബന്ധം ചെറുകഥയിൽ അവസാനിപ്പിക്കുന്നത്.
മുത്തശ്ശി ജാനകിക്കുട്ടിയുടെ സ്വന്തം മുത്തശ്ശിയല്ല, മുത്തശ്ശിയുടെ അനിയത്തിയാണ്. മുത്തശ്ശി എല്ലാവർക്കും നല്ല വാർത്തയല്ല. "അശ്രീകരംപിടിച്ച തള്ള" - രാവുണ്ണി നായരും വല്യമ്മയും പറയും. അതിന് കാരണമുണ്ട്. സരോജിനിയേടത്തിയെക്കാൾ സുന്ദരിയായിരുന്ന കാലത്ത് മുത്തശ്ശി പാലം പണിക്ക് വന്ന ഒരു തമിഴൻ മേസ്തിരിയുടെ കൂടെ നാടുവിട്ടു. ഭാഗം കിട്ടിയ വസ്തുവിറ്റ് രണ്ടു ചെറിയ കുട്ടികളെ പിന്നിലാക്കിയാണ് അന്നത്തെ സുന്ദരിയുടെ ഒളിച്ചോട്ടം. 20 കൊല്ലമെടുത്തു മുത്തശ്ശി തിരികെ വരാൻ.
സാഹസങ്ങളില്ലാതെ അടക്കിപ്പിടിച്ചു ജീവിക്കുന്ന ജാനകിക്കുട്ടിയുടെ ലോകത്തിലെ സ്ത്രീകളിൽ നിന്നും വ്യത്യസ്തയാണ് മുത്തശ്ശി. അവരുടെ നല്ല കാലത്തെക്കുറിച്ച് അവർക്ക് ഓർമ്മയുണ്ട്. "ചെറുപ്പത്തിലേ, മുത്തശ്ശിയുടെ മുടിയഴിച്ചിട്ടാൽ ഞെരിയാണിവരെ എത്തും. എല്ലാവർക്കും എന്തായിരുന്നു അസൂയ! നിങ്ങടെ അമ്മമ്മയ്ക്കാ കൂടുതലും... എന്റെ നിറം കിട്ടാഞ്ഞിട്ട് അതിലേറെ അസൂയ."
രണ്ടു ചെറിയ പ്രകമ്പനങ്ങളാണ് മുത്തശ്ശി കാരണം സംഭവിച്ചത്. ആദ്യത്തെത് ഒരു ഗൂഢ സിദ്ധാന്തമായിരുന്നു. വാൽപ്പാറയിൽ പണിക്ക് കൊണ്ടാക്കിയിരിക്കുന്നത് വെളക്കോടത്തെ എച്ച്മുവിന്റെ മകളെയാണ്. അവിടുത്തെ ഉർവ്വശികൾ എന്താ തരം? അവറ്റകളുടെ കയ്യിൽ കുടുങ്ങിയാൽ ആണുങ്ങള് വിടും കുടുംബവും ഒക്കെ മറക്കും. - മുത്തശ്ശി മുന്നറിയിപ്പു കൊടുത്തു. രണ്ടാമത്തെ പ്രകമ്പനം കുഞ്ഞാത്തോലിനെ ജാനകിക്കുട്ടിക്ക് പരിചയപ്പെടുത്തിയതാണ്. അത് ജാനകിക്കുട്ടിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു.
മാതാപിതാക്കളുടെ അസാന്നിദ്ധ്യമാണ് ജാനകിക്കുട്ടിയുടെ ജീവിതത്തിലെ ആദ്യ പ്രഹരം. അവളുടെ അച്ഛൻ ഒരു കത്തുപോലും എഴുതാറില്ല. അമ്മ, ഏത് നേരത്തും അടുക്കളയിലാണ്. അവർക്ക് ജാനകിക്കുട്ടിയോട് സ്നേഹമുണ്ട്. പക്ഷേ, സരോജിനിയെ എപ്പോഴും ചമയിച്ച് ഒരുക്കുന്ന വല്യമ്മയെപ്പോലെ സ്നേഹം പ്രകടിപ്പിക്കാൻ നേരമില്ല. വീട്ടിലും നാട്ടിലും അവളെ കേൾക്കുന്ന ആരുമില്ല. അവളുടെ ലോകത്തെ ആദ്യമായി അംഗീകരിച്ചത് ഭാസ്കരേട്ടനായിരുന്നു. അയാൾക്ക് പക്ഷേ, അവളോട് സ്നേഹമില്ലെന്ന തിരിച്ചറിവ് വേദനിപ്പിച്ചപ്പോൾ അവളെ സമാധാനിപ്പിക്കാൻ യക്ഷി മാത്രമേയുണ്ടായിരുന്നുള്ളൂ. അതൊരു രോഗമാണെന്ന് ആളുകൾ ആവർത്തിച്ചെങ്കിലും മറ്റുള്ളവർ യഥാർത്ഥമെന്ന് ഉറപ്പിച്ചുപറയുന്ന ലോകത്തിൽ നിന്നും അപ്പോൾ തന്നെ എത്രയോ അകലെയായിരുന്നു ജാനകിക്കുട്ടി.
മാനസികാരോഗ്യ പ്രശനങ്ങളുടെ ഉറവിടം മിക്കപ്പോഴും കുട്ടിക്കാലമാണ്. എം.ടി അത് പൂർണമായും ഉൾക്കൊള്ളുന്നുണ്ട്. മാനസികാരോഗ്യ പ്രശനങ്ങളുടെ കാര്യത്തിൽ അത്ഭുതകരമായ ഒരു പരിവർത്തനമാണ് 'എന്ന് സ്വന്തം ജാനകിക്കുട്ടി'യുടെ അവസാനം. ജാനകിക്കുട്ടിയുടെ 'മാനസികരോഗം' പൂർണമായും മാറുന്നു. അതിൽ മാജിക്കും സെഡേറ്റിവുകളും ഒന്നുമല്ല, മനസ്സിന്റെ ഒഴുക്ക് തന്നെയാണ് കാരണം. കൊത്തങ്കല്ലിനും തായം കളിക്കും ഇടയ്ക്ക് യക്ഷി പറഞ്ഞതുപോലെ വർഷങ്ങൾക്ക് ശേഷം ഭാസ്കരൻ വളർന്നുവലുതായ ജാനകിക്കുട്ടിയുടെ അടുത്തേക്ക് തന്നെ വരും.
സൈക്കോളജിയിൽ 'ബിലീഫ് സിസ്റ്റം' എന്ന് വിളിക്കുന്ന വിശ്വാസപ്രമാണങ്ങളിൽ വരുന്ന മാറ്റമാണ് ജാനകിക്കുട്ടിയെ മറ്റുള്ളവരുടെ യാഥാർത്ഥ്യത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നത്. യക്ഷിയായിരുന്നു അവൾക്കെല്ലാം. ആശുപത്രി വാസത്തോടെ ഭാസ്കരൻ അവളുടെ ജീവിത്തിലേക്ക് തിരികെ വന്നു. അതോടെ അവൾ വീണ്ടും അവനെ വിശ്വസിച്ചു. പക്ഷേ, വാക്കിന് വ്യവസ്ഥയുള്ള യക്ഷിയെപ്പോലെ വാക്കിന് വ്യവസ്ഥയുള്ളയാളാണ് ജാനകിക്കുട്ടിയും. അവൾ കുഞ്ഞാത്തോലിനെ മറന്നില്ല. 'മണിച്ചിത്രത്താഴി'ലെ ഡമ്മി പരീക്ഷണം പോലെ, കുഞ്ഞാത്തോലിനെപ്പോലെ വെളുത്ത ഉടുപ്പിട്ട നഴ്സാണ് ഇവിടെ ജാനകിക്കുട്ടിയുടെ ശ്രദ്ധ തിരിക്കുന്നത്.
"എന്തിനാ ദംഷ്ട്ര നീട്ടണേ?" കുഞ്ഞാത്തോലാണെന്ന് കരുതി ജാനകിക്കുട്ടി ചോദിച്ചു
"ദംഷ്ട്രയോ? ആർക്ക്? ...ഞാൻ പോട്ടെ?" നഴ്സ് പറഞ്ഞു.
"എന്താ തിരക്ക്?"
"എന്നും കളിച്ചു നടന്നാപ്പോരല്ലോ എനിക്ക്. ജാനൂട്ടിക്ക് ഇപ്പോ തുണയ്ക്ക് ആളുണ്ടല്ലോ, അല്ലേ?"
"രാത്രി വരുമോ?" ജാനകിക്കുട്ടി വീണ്ടും ചോദിച്ചു.
"എന്റെ ഡ്യൂട്ടി കഴിഞ്ഞില്ലേ?" നഴ്സ് യാത്ര പറഞ്ഞിറങ്ങി.
കാണുമ്പോൾ തമാശയെന്ന് തോന്നുമെങ്കിലും മനസ്സിന്റെ വലിയൊരു കളിയാണ് എം.ടി. ഇവിടെ വിവരിക്കുന്നത്. നിങ്ങളുടെ അനുഭവങ്ങൾ (പ്രത്യേകിച്ചും ബാല്യത്തിലെ) ലോകത്തോടുള്ള നിങ്ങളുടെ മനോഭാവത്തെയും സ്വാധീനിക്കും. അതുകൂടെ ഉപയോഗിച്ചാണ് നിങ്ങൾ നിങ്ങളുടെ വിശ്വാസങ്ങൾ സൃഷ്ടിക്കുന്നത്.
അവഗണിക്കപ്പെട്ടവർ മറ്റുള്ളവരുടെ 'അപ്രൂവൽ' തേടും, സ്നേഹിക്കപ്പെടാത്തവർ എല്ലാം സ്നേഹമാണെന്ന് കരുതും, പതിയെ നമ്മുടെ ശരികളാണ് ലോകം മുഴുവൻ ബാധകമായ ശരികളെന്ന് നമ്മൾ കരുതും. ആ വിശ്വാസങ്ങൾ നമ്മൾ പിന്നീട് തിരുത്തും. അതിനും ബാഹ്യമായ ചില ഇടപെടലുകൾ വേണ്ടിവരും. അപ്പോഴേക്കും നമ്മൾ മനസ്സിലാക്കും, നമ്മൾ പിന്നാലെ ഓടിയവർ, എത്തിപ്പിടിക്കാൻ ശ്രമിച്ചവർ, സ്വയം മോശമാണെന്ന് കരുതിയ ദിവസങ്ങൾ എല്ലാം എത്രമാത്രം വലിയ വിഡ്ഢിത്തരങ്ങളായിരുന്നു എന്ന്, എന്തുകൊണ്ട് നമ്മൾ സ്വയം സ്നേഹിക്കണമെന്ന്. പക്ഷേ, അതിന് ജാനകിക്കുട്ടിയുടെ ജീവിതത്തിലെപ്പോലെ ഒരു ഭാസ്കരൻ നിങ്ങളുടെ ജീവിതത്തിലും പ്രത്യക്ഷപ്പെടേണ്ടി വരും. അവിടെയാണ് ഇതൊരു കഥയാണല്ലോ എന്ന യാഥാർഥ്യം എന്നെ സ്പർശിക്കുന്നത്.
"പുറംപറമ്പിൽ നടക്കുമ്പോൾ കുഞ്ഞാത്തോല് ചിരിച്ചുംകൊണ്ട് പൊന്തക്കാടുകൾക്ക് ഇടയിൽ നിന്ന് കയറിവരുമെന്ന് ആദ്യമൊക്കെ ഞാൻ വിചാരിച്ചു. വന്നില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ കുഞ്ഞാത്തോലിന്റെ കാര്യംതന്നെ മറന്നുവെന്നതാണ് സത്യം."
* എം.ടി. വാസുദേവൻ നായർ സഹപീഡിയ ഡോട്ട് ഓർഗിന് 2019-ൽ അനുവദിച്ച അഭിമുഖത്തിന്റെ ഇംഗ്ലീഷ് ട്രാൻസ്ക്രിപ്ഷനിൽ നിന്നുള്ള സ്വതന്ത്ര പരിഭാഷ.
(Proceed to external links with caution. Opinions expressed in this article are personal and don't necessarily reflect the views of my collaborators or employer/s.)
Write a comment ...