
2012 മാർച്ചിലെ 'ദി ഹിന്ദു' പത്രത്തിലെ പ്രൂസ്റ്റ് ക്വസ്റ്റിനെയർ വായിച്ചപ്പോഴാണ് പ്രവാചകനെപ്പോലെ രാഹുൽ ബോസ് പറഞ്ഞ ഉത്തരം മനസ്സിൽ കയറിപ്പറ്റിയത്.
ചോദ്യം: ജീവിതത്തിലെ ഏറ്റവും വലിയ നിരാശ എന്താണ്?
രാഹുൽ ബോസ്: ഒരു മരിച്ച അന്തരീക്ഷത്തിൽ മൂന്നു വർഷം കൊമേഴ്സ് പഠിച്ചത്, അതും യാതൊരു പ്രചോദനവും തരാത്ത അദ്ധ്യാപകർ ഒരു ജീവനുമില്ലാത്ത സിലബസ് പഠിപ്പിച്ചത്.
2012-ൽ ഞാൻ മഹാരാജാസിലാണ്. പഠിച്ചത് കൊമേഴ്സ്. പഠിപ്പിച്ചത് ഒരു പ്രചോദനവും തരാത്ത അദ്ധ്യാപകർ. സിലബസ്സിന് ജീവനുണ്ടായിരുന്നോ? പുസ്തകം ഒന്നും അധികം വാങ്ങിക്കാത്തത് കൊണ്ടും, ക്ലാസ്സിൽ മര്യാദയ്ക്ക് പോകാത്തത് കൊണ്ടും അതേക്കുറിച്ച് ഇപ്പോൾ പറയാൻ പറ്റുന്നില്ല.
അന്നൊക്കെ ജീവിതത്തിന് ഒരു അർത്ഥവുമില്ല, വലിപ്പവും. ഒന്ന് മറൈൻ ഡ്രൈവിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് നടന്നു കഴിയുമ്പോൾ തന്നെ രാത്രി എട്ട് മണിയാകും. ബസ്സിൽ ഇരുന്ന് 'അയൺ മെയ്ഡന്റെ' 'ഫിയർ ഓഫ് ദി ഡാർക്' കേൾക്കും. അല്ലെങ്കിൽ സാറാ ബ്രൈറ്റ്മാന്റെ 'ഫാന്റം ഓഫ് ദി ഓപ്പറ'. അതുമല്ലെങ്കിൽ സെന്റ് തെരേസാസിലെ തരുണികൾ ആകാശ നീല ബ്ലൗസും കറുത്ത പാവാടയുമിട്ട് യുവജനോത്സവത്തിന് പാടിയ 'ഓസം ഗോഡ്' കേൾക്കും.
അന്നേ ഉറപ്പിച്ചു, എം.കോം ഇല്ല. എം.ബി.എ ഇല്ല.
അച്ഛൻ മെഡിക്കൽ ട്രസ്റ്റ് ഐ.സി.യുവിൽ കിടന്നപ്പോഴാണ് 'ചാർളി ആൻഡ് ദി ചോക്ലേറ്റ് ഫാക്റ്ററി'യിലെപ്പോലെ 'ഗോൾഡൻ ടിക്കറ്റ്' ആയി കേരള പ്രസ് അക്കാദമി എൻട്രൻസ് നടന്നത്. അന്ന് ആരാധ്യർ ബി.ബി.സി ജേണലിസ്റ്റുകളാണ്. പ്രത്യേകിച്ചും ഒരു 'ബാൻഷി'യെപ്പോലെ തോന്നിപ്പിക്കുന്ന ഓർല ഗ്യുരിൻ. പലസ്തീനിലും, ആഫ്രിക്കയിലും അവർ പോകും. ദുരന്തം മാത്രമാണ് റിപ്പോർട്ട് ചെയ്യുക. ഒരു യുദ്ധ റിപ്പോർട്ടർ ആകാൻ ആഗ്രഹം തോന്നി.
പക്ഷേ, അന്ന് ഒ.സി.ഡിയും ഐ.ബി.എസ്സും കഴിഞ്ഞുള്ള സമയം മാത്രമാണ് ജീവിക്കാൻ കിട്ടിയിരുന്നത്. ഏഴ് തവണ ടോയ്ലെറ്റിൽ പോയാലെ വീടിന്റെ പടികടക്കാൻ പറ്റൂ എന്നുണ്ടെങ്കിൽ എങ്ങനെ യുദ്ധം റിപ്പോർട്ട് ചെയ്യാൻ പോകും? അത് വേണ്ടെന്ന് വച്ചു.
ജേണലിസം എൻട്രൻസിന് ആദ്യ റാങ്കുകാരനായി സവിശേഷമായ കേരള പ്രസ് അക്കാദമി കെട്ടിടത്തിൽ അഭിമുഖത്തിന് എത്തിയപ്പോൾ ആദ്യം കണ്ടത് ഓഫീസ് അസിസ്റ്റന്റ് ഷീബ ചേച്ചിയെയാണ്. അവർ കൂടുതൽ ഇരുട്ടുള്ള ഒരു സ്റ്റെയർകേസിലൂടെ മറ്റൊരു മുറിയിലേക്ക് കയറ്റിവിട്ടു. വിധി കേൾക്കാൻ വന്ന ഒരു ഒറ്റുകാരനെപ്പോലെ 'ഞാനാണോ കർത്താവേ, അത് ഞാനാണോ..' എന്ന് മനസ്സിൽ ഉരുവിട്ട് അകത്തേക്ക് കാൽവെക്കുമ്പോൾ ഡാവിഞ്ചിയുടെ അന്ത്യ അത്താഴം പോലെ ഇന്റർവ്യൂ പാനൽ.
എന്റെ ഉത്തരക്കടലാസ് എല്ലാവരും കൈമാറി നോക്കി. പ്രത്യേകിച്ച് ചോദ്യങ്ങളൊന്നും ഉണ്ടായില്ല. 'ങും, ഇത് പറ്റും.' ആരോ പറഞ്ഞു.
ഓറിയന്റേഷൻ ദിവസം നികേഷ് കുമാർ മൈക്കിന്റെ അടുത്തെത്തിയപ്പോൾ, മൈക്കിൾ ജാക്സണെ കണ്ട അടുത്ത ആരാധകരെപ്പോലെ എല്ലാവരും അക്ഷമരായി. ജേണലിസം സത്യാന്വേഷണമാണെന്നോ മറ്റോ ആണ് അയാൾ പറഞ്ഞത്. ഞാനത് മൈൻഡ് ചെയ്തതേയില്ല.
എനിക്ക് നികേഷ് ആകാൻ താൽപര്യമില്ലായിരുന്നു. ഒന്നാമത് ആ കാലത്ത് സ്വന്തം മുഖം, ശരീരം എന്നതിനെക്കാൾ വൃത്തികെട്ടതായി ഒന്നുമില്ലെന്നാണ് കരുതിയിരുന്നത്. മുടി ചീകാറില്ല, മീശയെ തോന്നുംപോലെ വളരാൻ അനുവദിച്ചു, ഷൂസ് ചേരില്ലെന്ന് തോന്നിയിരുന്നു, നിറമുള്ള ഷർട്ടുകൾ ഇണങ്ങില്ലെന്ന് തോന്നിയിരുന്നു, കണ്ണാടി കാണുന്നത് തന്നെ ചതുർത്ഥിയായിരുന്നു. നികേഷ് അങ്ങനെയാണോ? അയാൾ ആപ്പിൾ ആയിരുന്നു!
എന്തായാലും നികേഷ് മൈക്കിന്റെ പിടിവിട്ടപ്പോൾ മനോരമയുടെ ജോണി ലൂക്കോസ് വന്നു. അയാൾ ജേണലിസം ഒരു ജോലിയായി കണ്ടാൽ മതി എന്നാണ് പറഞ്ഞതെന്നാണ് ഓർമ്മ.
മാഗസിൻ ജേണലിസം ഏതാണ്ട് പൂർണമായും അവസാനിക്കുകയും ഓൺലൈൻ ജേണലിസം ശക്തിപ്പെടുകയും ചെയ്ത കാലത്താണ് ഞാൻ പഠിക്കാൻ തുടങ്ങുന്നത്. 'ടിവി ന്യൂ' എന്നൊരു ചാനൽ നിന്നനിൽപ്പിൽ ചിട്ടിക്കമ്പനി പോലെ പൊട്ടി. ഇന്ത്യാവിഷൻ ഷാഹിദ് അഫ്രീദിയെപ്പോലെ ഇടയ്ക്ക് ഇടയ്ക്ക് റിട്ടയർമെന്റ് പ്രഖ്യാപിച്ചു കൊണ്ടിരുന്നു.
ജേണലിസം ചുരുങ്ങുകയാണ് എന്നറിയാതെ ഞങ്ങൾ പഠനം തുടർന്നു. ഇടയ്ക്ക് പഠിപ്പിക്കാൻ സൂപ്പർസ്റ്റാറുകൾ വന്നു, അവരുടെ ജീവിതകഥ പറഞ്ഞു. ചിലപ്പോൾ തോന്നി, പഠിക്കാൻ വന്നത് അബദ്ധമായെന്ന്. ചിലപ്പോൾ തോന്നി, ഇങ്ങനെയൊക്കെയായിരിക്കും പഠിക്കുക.
ഇടയ്ക്ക് രണ്ടു പേർക്ക് ജോലി കിട്ടി. അപ്പോൾ ക്ലാസ് ടീച്ചർ അവരെ തടഞ്ഞു. ഇതെന്ത് കൂത്തെന്ന് ചിന്തിച്ചപ്പോൾ, കൂടുതൽ നാടകങ്ങൾക്ക് നിൽക്കാതെ അവർ കൂടൊഴിഞ്ഞുപോയി. മടുപ്പിക്കുന്ന തീയറി ക്ലാസ്സുകൾ, ഡ്രാമ. ഒരു ദിവസം ദൈവം അയച്ചപോലെ ഒരു അമ്മയും മകളും വലിയ ചാക്കുകളുമായി വന്നു: ഫുഡ് കോർപ്പറേഷന്റെ ഗോഡൗൺ അല്ലേ ഇത്?
മറ്റൊരിക്കൽ ഒരു പരിപാടി ഉദ്ഘാടനം ചെയ്യാൻ കോൺഗ്രസ് മന്ത്രി വന്നപ്പോൾ ചുവന്ന നാട ഒഴിവാക്കി, നിറം നീലയാക്കി.
ഇതിനെക്കാൾ വലിയ തമാശ റിപ്പോർട്ടർ ചാനലിൽ ട്രെയിനിയായപ്പോഴാണ്. മാസം 9,000 രൂപയാണ് ശമ്പളം. അതിൽ 7,500 തരും. മനുഷ്യസഞ്ചാരമില്ലാത്ത കളമശ്ശേരിയിലെ ഒരു കോണിൽ, ഒരു ഒ.വി വിജയൻ കഥാപാത്രത്തെപ്പോലെ ജൽപ്പനങ്ങളുമായി മൂന്നു മാസം. രവിയെപ്പോലെ ഭാണ്ഡം പെറുക്കി, ഒരു കെ.എസ്.ആർ.ടി.സി കോഴിക്കോട് പോയി. ശബരിമലയ്ക്ക് പോകാൻ വ്രതമെടുത്ത പോലെ മാതൃഭൂമി കാന്റീനിലെ സ്റ്റീൽ പാത്രത്തിൽ ചോറും പച്ചച്ചീരയും.
സ്ഥിരം സ്റ്റാഫിനൊപ്പം പിന്നീട് ബ്യൂറോയിൽ. സ്ഥിരം സ്റ്റാഫിനെപ്പോലെ ജോലി എടുക്കണം. പക്ഷേ, ശമ്പളം?
ദേഷ്യം കൊണ്ട് എഴുതി. 'കൈയിൽ മൈക്കും കഴുത്തിൽ ടാഗും; ഒരു അസംഘടിത തൊഴിലാളിയുടെ ചിഹ്നങ്ങൾ'
ദിവസവും 12 മണിക്കൂർ എങ്കിലും ജോലി. ആഴ്ച്ചയിൽ ഒരു ഓഫ്. സന്ധ്യകൾ ഇല്ല, ശമ്പളവും.
ഇപ്പോൾ ജേണലിസം തന്നെ ഇല്ലാതാകുന്നത് കാണുന്നു.
എന്റെ ബാച്ചിലെ തന്നെ ആളുകളെ ഞാൻ എണ്ണി, ഈ ജോലി എടുക്കുന്നവർ കൂടിപ്പോയാൽ ഞാനുൾപ്പെടെ രണ്ടോ മൂന്നോ പേർ.
പത്ത് വർഷങ്ങൾ ഫാസ്റ്റ് ഫോർവേഡ്. മെട്രോ റെയിലിന് വേണ്ടി അക്കാദമി കെട്ടിടം പൊളിക്കുകയാണ്. ഒരുവട്ടം കൂടി എന്നോർമ്മകൾ മേയുന്ന തിരുമുറ്റത്ത് എത്താൻ എന്റെ ബാച്ചിൽ നിന്ന് ആരുമില്ലേ?
നോ താങ്ക്സ്!
* Opinions strictly personal, and may not necessarily reflect the views my employer(s) past or present or any entity I associate with.
















.jpeg)




Write a comment ...