ചെന്നായ ചുരം കയറുന്നു
പീരുമേട് ചോദിച്ചാരും പോകാറില്ല. മിക്കപ്പോഴും വാഗമണിൽ നിന്ന് വഴിമാറി ഒഴുകുന്നവരാണ് പീരുമേട്ടിലെത്തുക. മൂന്നാറും വാഗമണും കൊണ്ട് പീരുമേടിനെക്കുറിച്ച് ആരും പറയാതെ പോകുന്നു. ആ കണക്കിന് കഴിവുണ്ടായിട്ടും പാരമ്പര്യമില്ലാത്തത് കൊണ്ട് ആരും ഇടിച്ചുകയറാത്ത ചില ഡോക്ടർമാരുടെ ചികിത്സാമുറി പോലെയാണ് പീരുമേട്.
ഇടവിട്ട് സന്ദർശിച്ചുപോകുന്ന മാനസികരോഗ്യ പ്രശനങ്ങളുടെ മറ്റൊരു ഋതുവിലാണ് ഞാൻ പീരുമേട് എത്തുന്നത്. വീട്ടിൽ നിന്നും കഷ്ടിച്ച് 100 കിലോമീറ്റർ ദൂരം, മൂന്ന് മണിക്കൂറിൽ എത്തിച്ചേരാം.
അധികം ആൾത്തിരക്കില്ലാത്ത കോട്ടയം റോഡുകൾ, നീട്ടിയിട്ട വെളുത്ത വരകൾ, ശരവേഗത്തിൽ പാഞ്ഞുപിന്നിലാകുന്ന റബ്ബർത്തോട്ടങ്ങൾ, കൊടുംവളവുകൾ, വില കുറഞ്ഞ കാറുകൾ, വില കൂടിയ കാറുകൾ, ചുവന്ന മൂക്കുള്ള ലോറികൾ, മുഷിഞ്ഞ നിറമുള്ള കെ.എസ്.ആർ.ടി.സി ബസ്സുകൾ, ചുരുങ്ങുന്ന പാടങ്ങൾ, മലയരിഞ്ഞ് ഉണ്ടാക്കിയ റോഡുകൾക്ക് ഒരുപാട് താഴെ സമതലത്തിന് മുകളിൽ കുടുങ്ങിപ്പോയ വിഷാദംപോലെ തോന്നിപ്പിക്കുന്ന മൂടൽമഞ്ഞ് മേഘങ്ങൾ.
യാത്ര, മാനസിക പ്രശനങ്ങൾ പരിഹരിക്കുന്ന ഒറ്റമൂലിയല്ല; ലൈംഗിക സംഭോഗം സന്തോഷത്തിന്റെ മരുന്നല്ല എന്നത് പോലെ. യാത്ര പക്ഷേ, ഒരു ശ്രദ്ധതിരിക്കിലാണ്. അത് ചിലപ്പോൾ ഫലവത്താകും. മനസ്സ് വീണ്ടും വീണ്ടും ഇരുണ്ട താഴ്വരയിലേക്ക് പോകുമ്പോൾ സൈക്കോളജിസ്റ്റ് ഉപദേശിക്കുന്നു: ശ്രദ്ധ തിരിക്കൂ, പിന്നോട്ട് എണ്ണൂ, ബുദ്ധിമുട്ടുള്ള ഒരു മൂന്നക്ക ഒറ്റസംഖ്യയിൽ നിന്നും… 567, 566, 565, 564...
ടീ ടെറെയ്ൻ എന്ന റിസോർട്ട് ബുക്ക് ചെയ്യുമ്പോൾ അത് പീരുമേട്ടിലാണെന്നോ ഗ്ലെൻമേരി റോഡിലാണെന്നോ എനിക്ക് അറിയില്ലായിരുന്നു. മാസങ്ങൾക്ക് മുൻപ് വാഗമണിലെ ഓർമ്മ ഫാം റിസോർട്ട്സിൽ നിന്ന് പരുന്തുംപാറയിലേക്കുള്ള 32 കിലോമീറ്ററിലാണ് ഞാൻ 'വ്യക്തമായ ബോധ്യത്തോടെ' ഗ്ലെൻമേരി റോഡ് കണ്ടെത്തിയത്.
തേയിലത്തോട്ടങ്ങളും വിജനമായ കൊച്ചു കുന്നുകളും വലിയ യൂക്കാലിമരങ്ങളും വളരുന്ന വഴി.
പച്ചയുടെ നിറഭേദങ്ങൾ ചെറുപ്പത്തിലെ ഓണക്കാല ഷോപ്പിങ് ഓർമ്മിപ്പിക്കുന്നു. തുണിക്കടയിലെ തടിയലമാരകളിൽ നിറങ്ങളിൽ കൈയ്യോടിക്കാൻ തോന്നിപ്പോകുന്ന പ്രായം. തലയോലപ്പറമ്പ് ബിജു ടെക്സ്റ്റൈൽസിന്റെ തിരക്കിൽ നിന്ന് കവലയുടെ തിരക്കിലേക്ക് ഇറങ്ങുന്ന അമ്മ. അമ്മയ്ക്ക് പിന്നിൽ അവരുടെ സാരിയുടെ നിറം കണ്ണിൽ നിറച്ച്, ശ്രദ്ധതെറ്റാതെ കുട്ടി നടക്കുന്നു. കവലയുടെ മണവും ശബ്ദവും ഉയരുകയാണ്. കണ്ണെടുത്ത് കാഴ്ച്ചകളിലേക്ക് പോകാൻ വയ്യ, കണ്ണുതെറ്റിയാൽ അമ്മ ആ തിരക്കിൽ അപ്രത്യക്ഷമായേക്കും. അമ്മയാണ് അന്ന് ലോകത്തിലേക്കുള്ള പൊക്കിൾക്കൊടി.
ഒരിക്കൽ അമ്മയുടെ പേഴ്സ് നടുറോഡിൽ വീണു. കുട്ടി അനങ്ങിയില്ല. മുന്നിൽ അമ്മയുണ്ടെന്ന് ഉറപ്പിച്ചു നടന്നു. ഓട്ടോറിക്ഷക്കാരും കവലയിലെ പുരുഷാരവും അലറി. അമ്മ, ഒരു വലിയ നടുക്കത്തോടെ പേഴ്സ് ടാർ റോഡിൽ നിന്നും പെറുക്കി.
"പേഴ്സ് വീഴുന്നത് കണ്ടില്ലേ? നീ എന്താ പറയാതിരുന്നത്?"
**
ഗ്ലെൻമേരി റോഡ് വിജനമാണ്. നാട്ടുകാരില്ല, ടൂറിസ്റ്റുകളില്ല, പക്ഷേ, ഓട്ടോറിക്ഷകളുണ്ട്. പണ്ട്, ഈ റോഡിന്റെ പേര് അറിയാതിരുന്ന കാലത്ത് ഒരു സുഹൃത്തിനൊപ്പം ഇതുവഴി പോയിട്ടുണ്ട്. തമിഴരുടെ വലിയ ഉച്ചഭാഷിണികളുടെ ശബ്ദം മുഴങ്ങുന്ന ഒരു വൈകുന്നരം, ഒരു തേയിലതോട്ടത്തിന് നടുവിലൂടെ വളയുമ്പോൾ ഒരു ചുവന്ന പൂമരം വസന്തം മുഴുവൻ കൊഴിച്ചിട്ടിരിക്കുന്നു. വണ്ടി പതുക്കെ നിന്നു. ക്യാമറയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഒരു ചെറിയ ആടിനോളം മാത്രം വലിപ്പമുള്ള ഒരു മാൻ ചെങ്കുത്തായ തേയിലക്കാടുകളിൽ നിന്ന് പൊന്തിവന്നു. പുരാണത്തിലെപ്പോലെ ഒരു 'മാൻകെണി'. മോഹിപ്പിക്കുന്ന ദേഹങ്ങൾ അയച്ച്, ഇരുട്ടിലേക്ക് മനുഷ്യനെ നക്കിയെടുക്കുന്ന മുയൽക്കെണികളുള്ള താഴ്വര.
തണുപ്പ് താഴുകയാണെന്ന് സ്കൂട്ടർ ഓർമ്മിപ്പിക്കുന്നു. ഉച്ച കഴിഞ്ഞതേയുള്ളൂ, 23 ഡിഗ്രിയിലാണ് ഗ്ലെൻമേരി. ഇടയ്ക്ക് തേയിലത്തോട്ടത്തിലെ പണിക്കാർ നടന്നുപോകുന്നു. കവലകളിൽ ചിലർ കടകൾക്ക് മുന്നിൽ കുത്തിയിരിക്കുന്നു. സ്ത്രീകളുടെ ഒരു നീണ്ടനിര വളവിൽ നിറുത്തിയിട്ടിരിക്കുന്ന ഒരു ജീപ്പിന്റെ തുറന്ന ജനലിൽ ചെന്നവസാനിക്കുന്നു.
**
ടീ ടെറെയ്ൻ റിസോർട്ട് ഒരു മലയരിഞ്ഞ് ഉണ്ടാക്കിയതാണ്. പെട്ടന്ന് കൊളുത്തുവീഴുന്ന കയറ്റങ്ങൾ സൂക്ഷിച്ചുനോക്കിയാൽ അത് മനസിലാകും. കൂട്ടംകൂടി നിൽക്കുന്ന മുളകൾ, ഇന്ദ്രനീല നിറമുള്ള പൂമരങ്ങൾ, നിലത്ത് പാകിയ കോൺക്രീറ്റ് സ്ലാബുകൾ, അതിരില്ലെന്ന് തോന്നിപ്പിക്കുന്ന കുളങ്ങൾ... പച്ചപിടിച്ചു കിടന്ന ഒരു മലയുടെ മുകളിലുണ്ടാക്കിയ ഒരു അടരാണിത്.
എന്റെ മുറിയുടെ ബാൽക്കണി ഗ്ലെൻമേരി എസ്റ്റേറ്റിലെ ഉപേക്ഷിച്ചൊരു ലയത്തിലേക്ക് തുറക്കുന്നു. നദിക്കരയിൽ കാണുന്ന ഒരുളൻ കല്ലുകളെ ഓർമ്മിപ്പിക്കുന്ന മുകൾഭാഗമുള്ള തടിയിൽ തീർത്ത രണ്ട് ടീപ്പോകൾ ബാൽക്കണിയിലുണ്ട്. ബാൽക്കണിക്കിപ്പുറം വലിയൊരു ഗ്ലാസ് ഭിത്തി. രണ്ട് നിലകൾ പോലെ മുറി. പരുക്കൻ ഭിത്തികളിൽ ചിത്രങ്ങൾ, ഒതുക്കമുള്ള വിളക്കുകൾ, ഫ്രീസർ, കെറ്റിൽ, വൈൻ ഗ്ലാസുകൾ, ഭാരമുള്ള ഗ്ലാസുകൾ, മുറിക്കാത്ത വലിയ റൊട്ടിക്കഷണം പോലെയുള്ള മെത്തയ്ക്ക് മുകളിൽ, മരിച്ചയാളുടെ കാഴ്ച്ചകൾക്ക് മുകളിൽ വീഴുന്നത് പോലെ കനമുള്ള ഒരു വെളുത്ത പുതപ്പ്.
താഴെ നിലയിലെ സോഫ, ഒരു മെത്തയാക്കാവുന്നതേയുള്ളൂ. അത് എങ്ങനെയെന്ന് കാണിച്ചു തരാൻ ബുദ്ധിമുട്ടില്ലെന്ന് സ്റ്റാഫ് പറഞ്ഞു. പക്ഷേ, "സർ ഒറ്റയ്ക്ക് അല്ലേയുള്ളൂ. അത് ആവശ്യം വരില്ലെങ്കിൽ കാണിച്ചുതരണ്ടല്ലോ?"
അയാൾ പോയി.
**
ആളുകൾ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് എനിക്ക് മോശം അഭിപ്രായമാണുള്ളത്. നമ്മളാരും ഒരു ടറാന്റിനോ സിനിമയിലല്ലല്ലോ ജീവിക്കുന്നത്! ലോകത്തിന്റെ മുഴുവൻ ആനന്ദവും ജീവിതത്തിൽ പ്രസരിപ്പിച്ചിരുന്നു എന്ന് ഞാൻ വിശ്വസിച്ചിരുന്ന ആന്തണി ബോർഡെയ്ൻ ഒരു ഹോട്ടൽ മുറിയിലാണ് മരിച്ചത്, 61-ാം വയസ്സിൽ.
കോട്ടകളും മുന്തിരിത്തോപ്പുകളും കൊണ്ട് പ്രശസ്തമായ ഒരു പൗരാണിക ഫ്രഞ്ച് പട്ടണത്തിലാണ് ബോർഡെയ്ൻ മരിച്ച ഹോട്ടൽ. നിങ്ങൾ പലരും പഴയ ഇംഗ്ലീഷ് പുസ്തകത്തിൽ പഠിച്ച നൊബേൽ പുരസ്കാര ജേതാവ് ആൽബെർട്ട് ഷ്വെറ്റ്സർ ജനിച്ച കൈസെർബെർഗ് ആണ് ആ നഗരം. എങ്ങനെയായിരിക്കും മോഹിപ്പിക്കുന്ന ഒരു ചരിത്രമുള്ള, എവിടെയും ശ്രദ്ധതിരിക്കാൻ മൂലകളുള്ള ഒരു പട്ടണത്തിൽ ആരും ഇങ്ങോട്ട് വന്ന് സലാം പറയുന്ന പ്രശസ്തിയും സൗന്ദര്യവുമുള്ള ഒരാൾ ആത്മഹത്യ ചെയ്യാൻ മനസ്സുകൊണ്ട് തയാറെടുക്കുന്നത്?
എങ്ങനെയായിരിക്കും റിസോർട്ട് ജീവനക്കാർ ഇത്തരം മരണങ്ങളെ നേരിടുക? മറ്റെല്ലാ മനുഷ്യരെയും പോലെ അവരും അപ്രതീക്ഷിതമായ മരണങ്ങളെ നേരിടാൻ കെൽപ്പില്ലാത്തവരാകാനല്ലേ സാധ്യതയുള്ളൂ?
ഹോസ്പിറ്റാലിറ്റി വളരെ അപകടം പിടിച്ചൊരു മേഖലയാണ്. നിങ്ങളെപ്പോഴും ചിരിച്ചുകൊണ്ടു നിൽക്കണം. 'അതിഥികൾ ദൈവങ്ങളാ'ണെന്നാണ് ഈ രാജ്യത്തെ വ്യവസ്ഥ. അവരെ നീരസപ്പെടുത്തിക്കൂടാ. ലിനൻ ഷീറ്റുകളുടെ പേരിൽ വരെ ആളുകൾ പിണങ്ങാം. ഞാൻ റിസപ്ഷനിൽ കാത്തിരിക്കുമ്പോൾ ഒരു ഉത്തരേന്ത്യക്കാരി അങ്ങോട്ട് വന്നു. റിസോർട്ടിലെ സ്പാ എവിടെയാണ് എന്ന് അവർക്കറിയണം. റിസപ്ഷൻ വരെ ഒരു കുന്നിറങ്ങി വന്നതിന്റെ ബുദ്ധിമുട്ട് അവരുടെ സംസാരത്തിലുണ്ട്. ചോദിക്കാൻ അവിടെ ആരെയും കാണുന്നില്ല എന്നതാണ് അവരുടെ പരാതി.
ഇങ്ങനെ മനസ്സിൽ വിഷമമുണ്ടെങ്കിലും പല അവസരങ്ങളിലും ചിരിച്ചു പെരുമാറുക എന്നതാണ് ഹോസ്പിറ്റാലിറ്റിയുടെ നിയമം. ഒരിക്കൽ ഒരു സ്റ്റാർഹോട്ടലിലെ ഒരു സ്റ്റാഫ്നെ ഞാൻ പരിചയപ്പെട്ടു. ഓരോ ഗസ്റ്റും ചെക്ക് ഔട്ട് ചെയ്തതിന് ശേഷം കുളിമുറി ഉരച്ചുകഴുകണം. പുതപ്പുകൾ മാറ്റണം. ഏറ്റവും വൃത്തിയുള്ളത് വച്ചാലും ചിലർ പരാതിപ്പെടും.
"നിങ്ങൾ ഇനി ലഭിക്കുന്ന പുതപ്പുകൾ നോക്കണം, വൃത്തിയില്ലെങ്കിൽ ചീത്ത പറയണം. എനിക്കും കിട്ടാറുണ്ടല്ലോ, ബാക്കിയുള്ളവർ എന്തിന് രക്ഷപെടണം"
ഇങ്ങനെയുള്ള മനുഷ്യർ എങ്ങനെയാകും ഒരു മരണത്തെ നേരിടുക? ആളുകൾ സന്തോഷിക്കാനും ആസ്വദിക്കാനും വരുന്ന ഇടങ്ങളിൽ നിങ്ങൾ ഏറ്റവും വിരുദ്ധമായത് കാണുന്നു. ഒറ്റയ്ക്ക് വരുന്നവരെ അവർക്ക് ചിലപ്പോൾ പേടിയായിരിക്കാം. പ്രത്യേകിച്ച് സങ്കടത്തിന്റെയും സ്ഥായിയായ ഒറ്റപ്പെടലിന്റെയും വിഷാദച്ഛായയുള്ളവരെയും.
**
ഞാൻ വായിക്കുന്നത് ഹെർമ്മൻ ഹെസ്സെയുടെ സ്റ്റെപ്പൻവൂൾഫ് എന്ന നോവലാണ്. 1972-ലോ അതിന് ശേഷമോ യു.എസ്.എയിൽ പ്രിന്റ് ചെയ്ത ഒരു കോപ്പിയാണ് എന്റെ കൈവശമുള്ളത്. ഇപ്പോഴത്തെ ഒരു ക്രൈം തില്ലർ സിനിമയുടെ പോസ്റ്ററിന് സമാനമായി ഒരു നാടകീയമായ കവർചിത്രമാണ് ഈ പുസ്തകത്തിനുള്ളത്. ഈ നോവൽ എനിക്ക് തന്നത് അടുപ്പമുള്ള ഒരാളാണ്.
ഇത് വായിക്കുന്നതിന് മുൻപ് തന്നെ ഇത് എന്തിനെക്കുറിച്ചാണ് എന്ന് എനിക്കറിയാമായിരുന്നു. ചില പുസ്തകങ്ങൾക്കും മനുഷ്യർക്കും ഇങ്ങനെ കണ്ടുമുട്ടാൻ ഒരു നിയോഗമുണ്ടെന്നാണ് ഞാൻ കരുതുന്നത്. നിങ്ങൾ താഴ്വരയിലേക്ക് നോക്കുമ്പോൾ താഴ്വര നിങ്ങളെ തിരികെ അതുപോലെ നോക്കുന്നു എന്ന് നീത്ഷെ എഴുതിയിട്ടുണ്ട് (ഉദ്ധരണി മാത്രമേ എനിക്ക് അറിയൂ, നീത്ഷെ എഴുതിയ പശ്ചാത്തലം എനിക്ക് അറിയില്ല).
സ്റ്റെപ്പൻവൂൾഫ് ഒരു അസാധാരണ നോവലാണ്. അതിലെ നായകൻ ഹാരി ഹാളർ (മലയാളത്തിലാണെങ്കിൽ ഹരി നായർ) ഒരേ സമയം മനുഷ്യനും ചെന്നായയുമാണ്. ചെന്നായ എന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് സ്വാഭാവികമായും ഉണ്ടാകാവുന്ന ചിന്ത അയാൾ ഒരു സൂത്രശാലിയും ദുഷ്ടനുമാണെന്നാണ്. പക്ഷേ, ഇവിടെ ഹാരി ഹാളർ ഒരു 'സ്റ്റെപ്പെ വൂൾഫ്' ആണ്. കിഴക്കൻ യൂറോപ്പിലും മധ്യേഷ്യയിലുമുള്ള വിശാല സമതലങ്ങളിൽ കാണപ്പെടുന്ന ഒരിനം ചെന്നായ. ഏകാന്ത ജീവിതം നയിക്കുന്ന ഇവർ, എല്ലാത്തിൽ നിന്നും അകന്ന് ജീവിക്കുന്നു എന്ന് സാഹിത്യത്തിലേക്ക് തർജ്ജമ ചെയ്യപ്പെടുന്നു.
പരസ്പരം മല്ലടിക്കുന്ന ചെന്നായയും മനുഷ്യനുമാണ് സ്റ്റെപ്പൻവൂൾഫിലെ ഹാരി ഹാളറുടെ മനസ്സ്. അയാൾ ഒരു നല്ല പ്രവൃത്തി ചെയ്താൽ അയാളിലെ ചെന്നായ അതിനെ പരിഹസിക്കും. നിന്റെ നിയോഗം സമതലങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് രക്തം തിരയാനാണ് എന്ന് ഓർമ്മിപ്പിക്കും. അതേസമയം ഒരു മോശം പ്രവൃത്തി ചെയ്താൽ അയാളിലെ മനുഷ്യൻ വിലപിക്കും. അപരിഷ്കൃതനായ ഒരു മൃഗമാണ് നീയെന്ന് ആക്രോശിക്കും. ചെന്നായ എന്ന ജീവിതത്തിൽ നല്ലതൊന്നുമില്ലെന്ന് അയാളെ ക്രൂശിക്കും. അങ്ങനെ വ്യർഥമാണ് ഹാളറുടെ ജീവിതം.
**
ടീ ടെറെയ്ൻ റിസോർട്ടിൽ നിന്ന് നോക്കിയാൽ വൈകുന്നേരം തൊട്ടപ്പുറത്തെ കുന്നിൽ കുട്ടികളുടെ ഫുട്ബോൾ കളി കാണാം. അതേ കുന്നിലെ ഒരു ക്രിസ്ത്യൻ പള്ളിയിൽ സമയം അറിയിക്കുന്ന ഒരു ക്ലോക്ക് ഉണ്ട്. നാല് മണികഴിഞ്ഞ് ഓരോ മണിക്കൂറിലും അത് ശബ്ദിക്കും. തമിഴിലാണ് സമയം പറയുന്നത്. തമിഴ് അറിയാത്തവർക്ക് 'യൂണിവേഴ്സലാ'യ മണിനാദം ഉണ്ട്. ഞാൻ സ്റ്റെപ്പൻവൂൾഫ് വായിച്ചു തുടങ്ങുമ്പോഴേക്കും വൈകീട്ട് നാല് മണി കഴിഞ്ഞിരുന്നു, സമയം ഏഴായപ്പോൾ ഞാൻ വായന നിറുത്തി.
ഇരുട്ട് എല്ലാത്തിനെയും മൂടുകയാണ്. പ്രകാശം അസ്തമിക്കും മുൻപ് കുന്നിന്റെ ഉച്ചിയിലേക്ക് ഒരു കറുത്ത നായ കയറി വന്നു. കുന്നിന്റെ ഏറ്റവും മുകളിൽ അതിരിനോട് ചേർന്ന് ഒരു ക്യാംപ് ഫയർ പ്ലേസ് ഉണ്ടാക്കിയിരുന്നു. അതിന് ചുറ്റും നാല് പാർക്ക് ബെഞ്ചുകളും ഉണ്ട്. ഞാനതിൽ ഒന്നിലിരുന്നാണ് വായിച്ചിരുന്നത്. നായ ആദ്യം ഭയത്തോടെയും പിന്നീട് കൗതുകത്തോടെയും എന്നെ നോക്കി.
ഞാൻ അനങ്ങുന്നില്ലെന്നും അതിനെ ഉപദ്രവിക്കാൻ പോകുന്നില്ലെന്നും കണ്ടപ്പോൾ അത് എന്നെ ഒന്ന് പ്രദക്ഷിണം വച്ച് അതിരിന്റെ വിടവിലൂടെ മറ്റൊരു ലോകത്തേക്ക് കടന്നുപോയി. അത് അവന്റെ സ്ഥിരം സങ്കേതമായിരുന്നു. ആ വാതിലിൽ പുല്ലും ചെടികളും മാറി നിന്നു. അവന്റെ അതേ വലിപ്പത്തിലൊരു ദ്വാരം ലോകത്ത് അവൻ സൃഷ്ടിച്ചിരുന്നു.
**
റിസോർട്ട് വലിയൊരു ലോകമാണ്. പക്ഷേ, നിങ്ങൾ മുറിക്ക് അകത്ത് കയറി കതക് അടച്ചാൽ ലോകത്ത് എവിടെയായാലും നിങ്ങളുടെ മാത്രം ഒരു ഇടമായി അത് മാറും. സുരക്ഷയ്ക്ക് ഒപ്പം ഏകാന്തതയും മുറിയിൽ നിറയും. തുറന്നിടാവുന്ന ജനാലകൾ ഈ മുറിയിൽ ഇല്ല. ബാൽക്കണി മാത്രമാണ് പുറത്തേക്കുള്ള മറ്റൊരു വാതിൽ.
അടച്ചിട്ട ജനാലയില്ലാത്ത മുറികൾ ഒരുകാലത്തും എനിക്ക് ആശ്വാസം തന്നിട്ടില്ല. എലിപ്പെട്ടിയിൽ കുടുങ്ങിയ എലിയപ്പോലെ എന്നെ അത് ശ്വാസംമുട്ടിക്കുന്നു. ഇരുട്ടായാൽ സംഗതികൾ കൂടുതൽ ഗുരുതരമാകും. ഇരുട്ട് രണ്ട് മനുഷ്യർക്കിടയിൽ വീഴുന്ന വലിയൊരു മറയാണ്. മനുഷ്യർ ഇരുട്ടിൽ പലതുമാകും.
ഞാൻ വെളുത്തൊരു തോർത്തുമാത്രം ഉടുത്ത് വലിയ കണ്ണാടിക്ക് മുന്നിൽ വന്നുനിന്നു. ഹോട്ടൽ മുറികളിലെ വെളിച്ചം മിക്കപ്പോഴും മറ്റൊരു ലോകത്ത് നിന്നുള്ള വെളിച്ചമാണ്. ഞാൻ എന്നെ തന്നെ നോക്കി നിന്നു. ഞാൻ ആളുകൾക്ക് സംഭവിക്കാറുള്ള അത്ഭുതങ്ങളെക്കുറിച്ച് ഓർത്തു. സ്വന്തം ശരീരത്തിൽ ദിവസങ്ങളുടെ തേയ്മാനം കൊണ്ട് മാത്രം അവർ ശ്രദ്ധിക്കാത്ത മുറിവുകളും വടുക്കളും. ഞാൻ ക്യാമറയിൽ എന്റെ പ്രതിബിംബം പകർത്തി. ഒന്നാലോചിച്ച് നോക്കൂ, ഒരിക്കലും വെളിച്ചമില്ലാത്ത ഒരു സാധാരണ വീട്ടിലെ കണ്ണാടിയിൽ നിന്ന് തെളിച്ചമുള്ള ഒരു കണ്ണാടിക്ക് മുൻപിൽ ഒരു ദിവസം വന്ന് നിൽക്കുമ്പോൾ നിങ്ങൾ ശരീരത്തിലെ ഒരു അസാധാരണ പാട് ശ്രദ്ധിക്കുന്നു. അത് വളർന്ന് നിങ്ങളെ നശിപ്പിക്കുന്നത് വല്ലതുമായാലോ? അത്തരം 'അത്ഭുതങ്ങൾ' ആരെയെങ്കിലും സന്തോഷിപ്പിക്കുമോ?
മുറിക്ക് പുറത്ത് ഒരു കിളി ചൂളമടിക്കുന്നു. മനുഷ്യനെപ്പോലെ തന്നെ തോന്നിപ്പിക്കുന്ന സ്വരമാണ് അതിന്റെത്. ഇരുട്ട് കൂടുതൽ കട്ടിയായപ്പോൾ അത് നിശബ്ദമായി, ഇപ്പോൾ ക്രിസ്ത്യൻ പള്ളിയിലെ മണിമുഴക്കിന്റെ ഒരു മണിക്കൂർ ഇടവേളകളിൽ എന്നെ അലോസരപ്പെടുത്തുന്നത് തൊട്ടപ്പുറത്തെ മുറിയിൽ സംസാരിക്കുന്ന ഒരു സ്ത്രീയും പുരുഷനുമാണ്.
**
രാവിലെ റെസ്റ്ററന്റിൽ എത്തുമ്പോൾ വണ്ടൻമേടുകാരനായ മാനേജർ ഉണ്ട്. അയാളുടെ പേര് ഞാൻ ചോദിച്ചില്ല. വെളുത്ത് ഉയരം കുറഞ്ഞ്, വണ്ണം കുറഞ്ഞ മനുഷ്യനാണ്. ആഴ്ച്ചയിലൊരിക്കലേ വീട്ടിലേക്ക് പോകൂ. അയാൾ എല്ലാ ഹോസ്പിറ്റാലിറ്റി സ്റ്റാഫിനെയും പോലെ നന്നായി ചിരിക്കും. രാത്രി സുഖമായി ഉറങ്ങിയില്ലേ എന്ന് ചോദിച്ചു.
ഞാൻ ഉറങ്ങി. പക്ഷേ, എന്റെ സ്വപ്നം അയാൾക്ക് ദഹിക്കില്ല.
ഞാൻ കണ്ട സ്വപ്നം: ആദ്യം ആ കാഴ്ച്ച എന്റെ വീടിന്റെ മുന്നിലായിരുന്നു; തിരക്കുള്ള കാഞ്ഞിരമറ്റം - തലയോലപ്പറമ്പ് റോഡിൽ. അധികം വൈകാതെ അത് ഒരു ബീച്ചിലേക്ക് മാറി. എന്തായിരുന്നു കാഴ്ച്ച? ഒരു മനുഷ്യൻ സ്കൂട്ടർ അപകടത്തിൽപ്പെട്ട് കിടക്കുന്നു. അയാൾക്ക് എന്നെക്കാൾ ഉയരമുണ്ട്. മെലിഞ്ഞ ശരീരപ്രകൃതി. ചതുര മുഖമാണ്. ഉടുത്തിരിക്കുന്നത് ഒരു കൈലി മുണ്ടാണ്. അയാളുടെ രണ്ടുപാദങ്ങളും അറ്റുപോയി. ആ കാലുകൾ രണ്ട് പുതിയ സ്നീക്കറുകൾ പ്രദർശിപ്പിക്കുന്നത് പോലെ റോഡിൽ ചേർന്നിരിക്കുന്നു. കാൽപ്പാദങ്ങളില്ലാതെ അയാൾ റോഡിൽ കിടക്കുകയാണ്. അയാൾ വേദനകൊണ്ട് പുളയുന്നില്ല. കാഞ്ഞിരമറ്റം പള്ളി കൊടികുത്തിന് വരുന്ന ഭിക്ഷക്കാരെപ്പോലെ തനിക്ക് പറ്റിയ അപകടം വിൽക്കുകയാണ് അയാൾ. ജനങ്ങൾ ഇതൊരു സംഭവമേയല്ലെന്ന രീതിയിൽ കടന്നുപോകുന്നു. റോഡിലും ബീച്ചിലെ മണലിലും ചോര തളംകെട്ടി കിടക്കുന്നു.
വണ്ടൻമേടുകാരൻ മാനേജർ കൊണ്ടുവന്ന ഓംലെറ്റിൽ കുരുമുളക് പൊടി വിതറി അത് തീർത്തശേഷം ഞാൻ ഇനി എന്താണ് എടുക്കേണ്ടതെന്ന് ചിന്തിച്ചിരുന്നു.
അപ്പോഴേക്കും ഹിന്ദി സംസാരിക്കുന്ന ഒരു കുടുംബം വന്നു. 30 വയസ്സ് കടന്നിട്ടില്ലെന്ന് തോന്നിക്കുന്ന ഒരു ഉത്തരേന്ത്യക്കാരിയാണ് ഭാര്യ. അവരുടെ കൈയ്യിൽ ഒരു ചെറിയ കുഞ്ഞുണ്ട്. കവിളുകൾ തുടുത്ത ആ കുട്ടിക്ക് കറുത്ത മുടിയായിരുന്നു. കൈയ്യിൽ ഒരു ചുവന്ന ചരട് കെട്ടിയിരിക്കുന്നു. കുട്ടികളുടെ സ്ഥിരം ഏർപ്പാടുകളായ ശബ്ദമുണ്ടാക്കി റസ്റ്ററന്റ് തടസ്സപ്പെടുത്തുക, റേഡിയോയിൽ ഇപ്പോൾ കേൾക്കുന്ന 'മാമലകൾക്ക് അപ്പുറത്ത്…' എന്ന പാട്ട് ആസ്വദിക്കാതിരിക്കാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ കലാപരിപാടികൾ ആ കുട്ടി ചെയ്തില്ല.
ടിഷ്യൂ പേപ്പർ അന്വേഷിച്ച് ആ കുട്ടിയുടെ യുവാവായ അച്ഛൻ മാനേജരെ അന്വേഷിച്ച് പോയപ്പോൾ ഞാനിരുന്ന ടേബിളിന് വലതുവശത്ത് ഇരുന്ന ഒരു സ്ത്രീ എഴുന്നേറ്റ് വന്നു. നരകയറിത്തുടങ്ങിയ ആ സ്ത്രീ വലിയ തണുപ്പില്ലാഞ്ഞിട്ടും ഒരു കമ്പിളി ജാക്കറ്റ് ഇട്ടിരുന്നു. വിരമിച്ച ഒരു സർക്കാർ ഉദ്യോഗസ്ഥ, ബാങ്ക് മാനേജർ, അധ്യാപിക, 'തൃപ്പൂണിത്തുറ കോവിലകത്തെ തമ്പുരാട്ടി' -- ഏതൊരു സിനിമ കാസ്റ്റിങ് ഡയറക്ടറും ആഗ്രഹിക്കുന്ന ഒരു മധ്യവയസ്ക റോളിലേക്ക് ചേർന്ന ഒരു സ്ത്രീ.
അവർ ആ കുഞ്ഞിനെ തൊട്ടുംതലോടിയും അമ്മയോട് കുശലം പറഞ്ഞു. നോയിഡ, കൊച്ചി തുടങ്ങിയ ഏതാനും വാക്കുകളെ എനിക്ക് കേൾക്കാൻ പറ്റിയുള്ളൂ. മധ്യവയസ്കയായ സ്ത്രീയുടെ ടേബിളിൽ അവരെക്കൂടാതെ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഒന്ന് അവരുടെ ഭർത്തവാണെന്ന് തോന്നി. ഒരു ഐ.വി ശശി കഥാപാത്രം (വെളുത്ത ഷർട്ടും വെളുത്ത പാന്റ്സും). മറ്റൊരാൾ പണ്ട് ബി.ബി.സിയിൽ വാർത്ത വായിച്ചിരുന്ന ജോർജ് അലഗൈയെപ്പോലെ ഉയരമുള്ള ഒരാൾ; മൂന്നാമൻ അവരുടെ മകനാണെന്ന് തോന്നിക്കുന്ന ഒരാൾ. 40 വയസ്സ് കഴിഞ്ഞെന്ന് തോന്നിക്കുന്ന അയാൾ ഒട്ടും ആകർഷണീയമല്ലാത്ത ഒരു പ്യൂമയുടെ സ്നീക്കർ ആണ് ധരിച്ചിരുന്നത്.
കുഞ്ഞുങ്ങൾ ചിലപ്പോൾ കോൺവർസേഷൻ സ്റ്റാർട്ടറു (Conversation Starters)കളാണ്. റോഡിൽ അധികം ഇല്ലാത്തത് കൊണ്ട് എന്റെ അപ്രിലിയ 160-യും ഒരു കോൺവർസേഷൻ സ്റ്റാർട്ടർ ആണ്. പക്ഷേ, കുഞ്ഞുങ്ങളുമായി അതിനെ താരതമ്യം ചെയ്യാൻ പറ്റുമോ? ഇല്ല, കാരണം അപ്രിലിയ അർധരാത്രിയിൽ തൊള്ളതുറന്ന് കരയാറില്ല. (പക്ഷേ, ടെക്നിക്കൽ പ്രശനങ്ങൾ ഉണ്ടാക്കാറുണ്ട്)
**
സ്റ്റെപ്പൻവുൾഫ് ഞാൻ 60 പേജെങ്കിലും മറിച്ചു കാണണം. പാറ്റ കരണ്ടതുകൊണ്ട് പുസ്തകത്തിന്റെ വലത്തേ മൂല പൂർണമായും നശിച്ചു. മാർജിൻ ഉള്ളത് കൊണ്ട് ഭാഗ്യത്തിന് വാചകങ്ങൾ ഇപ്പോഴും മുഴുവനായും വായിക്കാം. ഇപ്പോൾ നോവലിൽ ഹാരി ഹാളർ മരിച്ചു. അയാളുടെ പിന്നാലെ മണത്തുനടന്ന പയ്യൻ ഉത്തരങ്ങൾ അന്വേഷിക്കുകയാണ്. ബൂർഷ്വകളുടെ സന്തോഷവും സ്റ്റെപ്പൻവൂൾഫുകളുടെ നിലനിൽപ്പും സമർഥിക്കാൻ ഹെർമ്മൻ ഹെസ്സെ പ്രയത്നിക്കുകയാണ്. ദിവസം 6500 രൂപ വാടകയുള്ള ഈ മുറിയിൽ നിന്ന് നോക്കുമ്പോൾ അടുത്ത കുന്നിൽ ഉപേക്ഷിക്കപ്പെട്ട തേയിലത്തൊഴിലാളികളുടെ ലയം ഞാൻ കാണുന്നു. അതിന് അടച്ചുറപ്പുള്ള ഒരു വാതിൽപ്പോലും ഇല്ലെന്നാണ് എന്റെ 'ചെന്നായക്കണ്ണുകൾ' കൊണ്ട് എനിക്ക് മനസ്സിലായത്.
അതിനിടയ്ക്കാണ് കൃത്യമായി എങ്ങനെ എന്റെ 109-ാം നമ്പർ മുറിയുടെ വാതിൽ അടയ്ക്കണമെന്ന് ഞാൻ പഠിച്ചത്. ജേക്കബ്സ് എന്ന കമ്പനിയുടെ താക്കോലാണ് ഇതിനുള്ളത്. വാതിൽ അടച്ചാൽ എളുപ്പത്തിൽ നിങ്ങൾക്ക് താക്കോൽ ഊരിയെടുക്കാൻ കഴിയില്ല. തിരശ്ചീനമായി താക്കോൽ തിരിച്ചാലേ അത് ഊരിയെടുക്കാൻ പറ്റൂ. ഇല്ലെങ്കിൽ ഒരു മൽപ്പിടിത്തം തന്നെ വേണ്ടി വരും. ലോക്ക് വാതിലിൽ ഇളകിയിരിക്കുന്നതും ബാൽക്കണിയുടെ കൊളുത്ത് ഇളകാറായി ഇരിക്കുന്നതും ഇതിന് മുൻപ് നടന്ന ഒരുപാട് മൽപ്പിടിത്തങ്ങളെക്കുറിച്ച് എന്നെ ഓർമ്മിപ്പിച്ചു.
**
വ്യർഥമായ ലോകത്ത് ജീവിക്കുകയാണെന്ന് കരുതുന്ന മനുഷ്യർക്കുള്ള കൈപ്പുസ്തകം പോലെയാണ് സ്റ്റെപ്പൻവൂൾഫ് വന്നതെന്ന് ഹെർമ്മൻ ഹെസ്സേയുടെ 1961-ലെ ഒരു കുറിപ്പ് ഓർമ്മിപ്പിക്കുന്നു. ആത്മഹത്യ ചെയ്യാനുള്ള കൈപ്പുസ്തകം എന്ന് ആരെങ്കിലും ഇതിനെ വിശേഷിപ്പിച്ചോ എന്ന് എനിക്കറിഞ്ഞ് കൂടാ (ഞാൻ നോവൽ വായിച്ചു തീർത്തിട്ടില്ല). പക്ഷേ, ചില കാര്യങ്ങൾ പ്രസക്തമാകുന്നു.
തന്റെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട നോവൽ എന്നാണ് ഹെസ്സെ, സ്റ്റെപ്പൻവൂൾഫിനെ വിശേഷിപ്പിക്കുന്നത്. അമ്പതാം വയസ്സിലാണ് എഴുത്തുകാരൻ ഈ പുസ്തകം എഴുതിയത്. ആ പ്രായത്തിന്റെ വ്യാധികൾ അതിൽ പ്രതിഫലിക്കുന്നുണ്ട്. പക്ഷേ, നന്നേ ചെറുപ്പക്കാരായ വായനക്കാർ ഒരുതരം മയക്കുമരുന്നുപോലെ ഈ നോവൽ ഉപയോഗിക്കുന്നത് ഹെസ്സെയെ ബുദ്ധിമുട്ടിച്ചു എന്നുവേണം കരുതാൻ. ഈ നോവൽ വേദനകളെക്കുറിച്ച് മാത്രമല്ല, വിനാശത്തെക്കാൾ ഒരു മുറിവുണക്കാൻ പര്യാപ്തമാകട്ടെ എന്നാണ് ഹെസ്സെ ആശ്വസിക്കുന്നുണ്ട്.
[Unedited version. This article is part-fiction.]
Write a comment ...