അച്ഛനായിരുന്നു ആദ്യത്തെ ഡോണൾഡ് ട്രംപ്. ചന്ദന നിറത്തിലെ പെയിന്‍റാണ് വീടിന് വേണ്ടതെന്ന് സ്വയം തീരുമാനിച്ചശേഷം അടുക്കളയ്ക്ക് അപ്പുറത്തെ അതിര്‍ത്തി പ്രദേശത്തിനൊപ്പം വീടിന്‍റെ വരാന്തയ്ക്കും ഇരുമ്പുകൊണ്ട് അഴിയിട്ട ബന്ധനം വേണമെന്ന് അച്ഛന്‍ തന്നെയാണ് തീരുമാനിച്ചത്.
ട്രംപിനെപ്പോലെ മതിലിന് മെക്സിക്കോ പണം മുടക്കും എന്ന് അദ്ദേഹം ഉള്ളിൽ പറഞ്ഞിരുന്നോ എന്ന് അറിയില്ല. എങ്കിലും, അച്ഛന്‍റെ മെക്സിക്കോ പുറംലോകമായിരുന്നു. കറുത്ത നിറത്തിലെ ഇരുമ്പ് മതിലിലെ കളങ്ങൾക്ക് കാജു കട്‍ലിയുടെ ആകൃതി.
കളങ്ങൾ സുതാര്യമായിരുന്നത് കൊണ്ട് കാജു കട്‍ലിയുടെ വെള്ളിനിറം അവയ്ക്കില്ലായിരുന്നു. പകരം, വെള്ളി നിറത്തിൽ തിളങ്ങിയിരുന്നത് അച്ഛന്‍ വാങ്ങിയ ഗോദ്രേജിന്‍റെ ഭാരമുള്ള ഒരു പൂട്ടായിരുന്നു. അതിന് വെങ്കലനിറത്തിലെ ഒരു താക്കോലുമുണ്ടായിരുന്നു.
ഒന്നിനെയും തടഞ്ഞുനിറുത്താത്ത, അവിടെയുണ്ടെങ്കിലും അവിടെയില്ലെന്ന് തോന്നിക്കുന്ന, ആ ഇരുമ്പ് അറയ്ക്ക് എന്തിനായിരുന്നു താക്കോൽ എന്ന് അറിഞ്ഞുകൂടാ.
ഇരുമ്പറ കാരണം അതിഥികള്‍ മിക്കപ്പോഴും മുറ്റത്ത് കാത്തുനിന്നു, അറ തുറന്നാലും അകത്ത് കയറാതെ മടിച്ചു നിന്നു. ആരെയും അടുപ്പിക്കുന്ന സ്വഭാവം അഴികള്‍ക്കില്ല. അത് അരയൻകാവിലായാലും അൽക്കട്രാസിലായാലും ഒരുപോലെയാണ്.
എന്‍റെ പകൽസ്വപ്‍നങ്ങളുടെ അതിര് കൂടെയായിരുന്നു വരാന്തയിലെ ഇരുമ്പഴി. അതിൽ ചിലന്തികള്‍ വല നെയ്യുമായിരുന്നു, പല്ലികള്‍ നെഞ്ചിടിപ്പ് അടക്കിപ്പിടിച്ച് മൊസൂളിലെ ഇടവഴികളിലൂടെ സി.എന്‍.എന്‍ ജേണലിസ്റ്റ് ആര്‍വാ ഡെയ്‍മണെപ്പോലെ ഓടുമായിരുന്നു.
ഞാൻ ഇടയ്ക്ക് ആലോചിക്കും: അര്‍ധരാത്രി കഴിഞ്ഞ് ശബ്ദങ്ങളെല്ലാം അടങ്ങുന്നു. മുറ്റത്ത് വിരിച്ചിട്ട മെറ്റലിലൂടെ ആരൊക്കെയോ നടക്കുന്നു. ഇരുട്ടത്ത് അവര്‍ ഇരുമ്പഴി കാണുന്നില്ല. വരാന്തയിൽ കയറാൻ ശ്രമിക്കുന്നതിനിടെ അതിലൊരാളുടെ തല ഇരുമ്പഴിയിൽ ഇടിക്കുകയും അത് വലിയൊരു മുഴക്കം ഉണ്ടാക്കുകയും ചെയ്യുന്നു. മുണ്ട് മടക്കിക്കുത്തി മൂര്‍ച്ചയില്ലാത്ത വാക്കത്തിയുമായി അച്ഛന്‍ വരുമ്പോള്‍ പച്ചപ്പിന്‍റെ ഇരുട്ടിലേക്ക് ഒഴുകിയിറങ്ങിപ്പോകുന്ന ചെങ്കീരികളെപ്പോലെ കള്ളന്മാര്‍ മടങ്ങിപ്പോകുന്നു.
അച്ഛന്‍ മരിച്ച് ഒരു വര്‍ഷത്തിനുള്ളിൽ ഇരുമ്പഴികള്‍ അമ്മ അറുത്തുമാറ്റി. ഇപ്പോള്‍ അമ്മ രഹസ്യമായും പരസ്യമായും സംസാരിക്കുന്ന നൂറുകണക്കിന് ചെടികളുടെ സ്റ്റാൻഡ് ആയിട്ടാണ് ഇരുമ്പഴികളുടെ ജീവിതം.
***
കീച്ചേരി ഗ്രാമീണ വായനശാല ഞാൻ നടക്കാൻ പോകുന്ന വഴിക്കാണ്. ഒരു ബോറൻ കോൺക്രീറ്റ് കെട്ടിടത്തിലാണ് വായനശാല. അതിന് മുൻപ് ഒരാളുടെ സ്വീകരണമുറിയിലെ നാല് തടി അലമാരയായിരുന്നു വായനശാല എന്നാണ് എന്‍റെ ഓര്‍മ്മ.
ഞാൻ സ്ഥിരമായി പുസ്‍തകങ്ങള്‍ എടുക്കാറില്ലായിരുന്നു. എങ്കിലും സ്കൂൾകാലത്ത് വലപ്പോഴും പോയ ഓര്‍മ്മയുണ്ട്. വൈകുന്നേരങ്ങളിൽ ലൈബ്രറിയിൽ കയറും വലതുകൈയ്യിലെ തള്ളവിരലിൽ മാത്രം നഖം നീട്ടി വളര്‍ത്തിയ ഒരാളായിരുന്നു ലൈബ്രേറിയൻ.
പുതിയ വായനശാല കെട്ടിടം വന്നത് എനിക്കോര്‍മ്മയുണ്ട്. ഞാൻ മുൻപു പറഞ്ഞതുപോലെ ഒരു ബോറൻ രണ്ടുനില കോൺക്രീറ്റ് കെട്ടിടമായിരുന്നു അത്. നിലത്ത് തെളിച്ചമില്ലാത്ത റെഡ് ഓക്സൈഡ് ആയിരുന്നു. അന്ന് തന്നെ ആരും അവിടെ കയറിയിരുന്നില്ല. കുറച്ചധികം പ്ലാസ്റ്റിക് കസേരകളും ഒരു തടിമേശയും അകത്ത് കിടന്നിരുന്നു.
കഴിഞ്ഞ ദിവസം ഞാൻ നടക്കാൻ പോകുമ്പോള്‍ ആ കാഴ്ച്ച കണ്ടു. എന്‍റെ അച്ഛന്‍ മുൻപ് ചെയ്തത് പോലെ വായനശാലയുടെ മുറ്റം അടക്കം ഇരുമ്പ് അഴികള്‍ കൊണ്ട് ഒരു ബന്ധനം തീര്‍ത്തിരിക്കുന്നു. പോലീസിന്‍റെ ബാരിക്കേഡുകള്‍ക്ക് സമാനമായ ഒരു നീലനിറം അഴികളിൽ അടിച്ചിട്ടുണ്ട്. ഒരേ സമയം ഒരു മാക്സിമം സെക്യൂരിറ്റി പ്രിസൺ ആണെന്നും അരിപൊടിപ്പിക്കുന്ന മില്ലാണെന്നും തോന്നിപ്പിക്കുന്ന രീതിയിൽ ആണ് ഇരുമ്പഴികള്‍.
പുസ്‍തകം തന്നെ വായിക്കാൻ ആളുകളില്ലാത്ത കാലത്ത് എന്തിനാണ് അധികമായി ഈ ബന്ധനം എന്ന് മനസ്സിലാകുന്നില്ല. ഒരുപക്ഷേ, ഈ ഇരുമ്പ് അറ പണിത പൈസ ബുദ്ധിപരമായി ഉപയോഗിച്ചിരുന്നെങ്കിൽ ഒരു അമ്പത് പുസ്‍തകങ്ങള്‍ വാങ്ങിക്കാമായിരുന്നു എന്ന് തോന്നുന്നു.
വൈകുന്നേരം ആ വഴി പോകുമ്പോള്‍ തലനരച്ച കുറച്ചുപേര്‍ ഇരുന്ന് പത്രം വായിക്കുകയും ചെസ്സ് കളിക്കുകയും ചെയ്യുന്നതാണ് കാഴ്ച്ച. പ്ലാസ്റ്റിക് കസേരകളെ രണ്ടുകാലുകളിൽ ബാലൻസ് ചെയ്ത് അവര്‍ കളി ആസ്വദിക്കുകയാണ്.
ഈ ഇരുമ്പഴിയില്ലാം അറുത്ത് കളഞ്ഞ്, കുടിവെള്ള പദ്ധതിക്ക് വേണ്ടി പണിത വാട്ടര്‍ടാങ്ക് പോലെയുള്ള കെട്ടിടത്തിന് അൽപ്പം നിറം കൊടുക്കണം. അത് കുട്ടികളെ ആകര്‍ഷിക്കും. ഇനി കുട്ടികള്‍ വന്നില്ലെങ്കിലും ഒരു തുന്നാരൻ കിളിയെങ്കിലും വരും.
***
ഞാൻ മതങ്ങളുടെ ഫാൻ അല്ല. അതുകൊണ്ട് തന്നെ ഫാൻബോയ് മൊമന്‍റുകളുമില്ല. പക്ഷേ, ക്ഷേത്രങ്ങളുടെ (ഹിന്ദുക്ഷേത്രം മാത്രമല്ല, ആരാധനാലയം എന്ന അര്‍ഥത്തിൽ) ആര്‍കിടെക്ച്ചര്‍ എനിക്ക് എപ്പോഴും കൗതുകമാണ്.
ഇവിടെ നിന്നും കിഴക്ക്, ഏകദേശം പത്ത് കിലോമീറ്റര്‍ അപ്പുറം ഒരു ക്രിസ്ത്യൻ പള്ളിയുണ്ട്. 1872ൽ പണിത ഒരു സിറിയൻ പള്ളി. സ്റ്റെയ്‍ൻഡ് ഗ്ലാസുകളും ഉയരമുള്ള വെളുത്ത ഭിത്തികളുമുള്ള ആ പള്ളി, ചൂണ്ടുവിരൽ കൊണ്ട് തള്ളവിരലിൽ തൊടുന്ന ബുദ്ധന്‍റെ ആംഗ്യം അനുകരിച്ച് എഴുന്നേറ്റ് നിൽക്കുന്ന യേശുവിനെപ്പോലെ തോന്നിപ്പിക്കുന്നു.
പള്ളിയെ വലംവച്ച് ഏതാനും മീറ്ററുകള്‍ കഴിഞ്ഞാൽ ഒരു കുരിശുപള്ളിയുണ്ട്. വിജനമായ ഒരു മലമ്പ്രേദശത്ത് ഇരിക്കുന്ന കുരിശുപള്ളിക്ക് മുന്നിൽ വലിയൊരു സ്റ്റാൻഡിൽ മെഴുകുതിരികള്‍ ഉരുകുന്നു. അതിലെപ്പോഴും തീയുണ്ടാകും, മനുഷ്യരുടെ പ്രാര്‍ഥനകള്‍ അവസാനിക്കില്ലെന്ന സൂചനപോലെ.
എനിക്ക് ഈ കുരിശുപള്ളി ഒരു അഭയമായിരുന്നു. കാരണം, അതിന് അവകാശികളുണ്ടെന്ന് എനിക്ക് തോന്നിയിരുന്നില്ല. ചെറിയൊരു മുറിയോളം മാത്രമേ അതിന് വലിപ്പമുള്ളൂ. മുന്നിൽ റബ്ബര്‍ കാര്‍പ്പറ്റുകള്‍ വിരിച്ചിട്ടുണ്ട്. എല്ലാവരും ചെരിപ്പ് അഴിച്ചിടുന്ന പടിക്ക് നേരെ നടുവിൽ ഒരു കറുത്ത കൽക്കുരിശ് ഉണ്ട്. രാത്രികളിൽ അതിലും തിരികൊളുത്തിയിരിക്കും.
ഒരിടവേളയ്ക്ക് ശേഷം ഞാൻ ഇന്നലെ അവിടെ ചെന്ന് എത്തിനോക്കി. അത്ഭുതം, കുരിശുപള്ളി നാല് ചുറ്റിനും ഇരുമ്പ് അഴികള്‍ കൊണ്ട് അടച്ചിരിക്കുന്നു. പഴയ സ്വാതന്ത്ര്യം പൂര്‍ണമായും ഇല്ലാതായി. രണ്ട് ചെറിയ വാതിലുകളെ ഇപ്പോള്‍ അകത്തേക്ക് കയറാനുള്ള വഴിയായുള്ളൂ.
റെസ്‍ലിങ്ങിൽ Hell in a cell മത്സരംപോലെയുണ്ട് പുതിയ പരിഷ്‍കാരം. ആരാണ് ദൈവത്തെ അകാരണമായി ശല്യം ചെയ്‍തത് എന്ന് എനിക്കറിയില്ല. കാശ് ആണ് ഇതിന് പിന്നിലെന്നാണ് ഈ പള്ളിയിൽ എനിക്കൊപ്പം വരുന്ന സുഹൃത്ത് പറയുന്നത്.
എന്തായാലും, അഴികള്‍ക്കുള്ളിൽ സുരക്ഷിതമായി ഇരിക്കുന്ന ദൈവത്തിന്‍റെ മുന്നിൽ ഇന്ന് ഞാൻ ചെന്നുപെട്ടു. അവിടെ മേശപ്പുറത്ത് ഒരു കടലാസ് പെട്ടിയിൽ ബൈബിളിൽ നിന്നുള്ള വചനങ്ങള്‍ ചെറിയ ദീര്‍ഘചതുരക്കടലാസുകളിൽ പ്രിന്‍റ് ചെയ്‍തിട്ടുണ്ട്. ഒരു ഭാഗ്യപരീക്ഷണം പോലെ അതിലൊന്ന് എടുത്തുവായിക്കുന്നത് എന്‍റെ പതിവാണ്.
ഇന്ന് സങ്കീര്‍ത്തനം 27:1 ആണ് എന്‍റെ വചനം.
"കര്‍ത്താവ് എന്‍റെ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം?"
"ഇരുമ്പഴികളെ" -- ഞാൻ മറുപടി പറഞ്ഞു.
അപ്പോള്‍ ആ കുരിശുപള്ളിയെ ചുറ്റിനിന്ന ഓരോ കോണിലെയും ഇരുമ്പുവേലികള്‍ ഉറക്കെച്ചോദിച്ചു - "ഞാനോ കര്‍ത്താവേ?, ഞാനോ കര്‍ത്താവേ?"
[Unedited. 09 Dec 2022]
Write a comment ...