'അനന്തര'ത്തിൽ ഒരിടത്ത് അൽബേര്‍ കമ്യുവിന്‍റെ 'ദി ഔട്ട്‍സൈഡര്‍' എന്ന നോവൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
വായിക്കുന്നയാളിൽ നിന്ന് മുഖം തിരിഞ്ഞ് നിൽക്കുന്ന കഥാനായകന്‍റെ രേഖാചിത്രമുള്ള പെൻഗ്വിൻ മോഡേൺ ക്ലാസിക്സ് പതിപ്പായാണ് ആ പുസ്തകം സിനിമ കാണുന്നവര്‍ കാണുന്നത്. അതേ ലാഘവത്തോടെ വളര്‍ത്തച്ഛനിൽ നിന്ന് മുഖം തിരിച്ച് കട്ടിലിൽ മുഖംപൊത്തി കിടക്കുകയാണ് അടൂര്‍ ഗോപാലകൃഷ്‍ണന്‍റെ നായകൻ അജയനും.
കമ്യുവിന്‍റെ നായകൻ മെര്‍സോയും അജയനെപ്പോലെ അന്തര്‍മുഖനും ആത്മസംഭാഷണങ്ങളുടെ സ്നേഹിതനുമാണ്; മെര്‍സോയെപ്പോലെ തന്നെ അജയൻ അമ്മയിൽ നിന്ന് അകലത്തിലും. തര്‍ജ്ജമയുടെ അച്ചിൽ നിന്ന് വഴുതിനിൽക്കുന്ന 'ദി ഔട്ട്‍സൈഡറി'ന്‍റെ ആദ്യ വരി പോലെ, അജയനും ഇന്നോ ഇന്നലെയോ വന്നതെന്ന് അറിയാത്ത, തുറന്നുവായിക്കാത്ത കത്തുകള്‍ക്ക് കാവൽപോലെയാണ് കിടപ്പ്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നൻപകൽ നേരത്ത് മയക്കം' അവസാനത്തെ തിരിവ് വരെ ഞാൻ ആസ്വദിച്ചിരുന്നു. പക്ഷേ, ടിക്കറ്റ് എടുത്ത് സഹായിച്ച നിങ്ങളെ വെറുതെ ഞാൻ മടക്കി അയക്കുന്നത് എങ്ങനെയെന്ന് ചോദിക്കും പോലെ സംവിധായകൻ തന്ന ഹോം വര്‍ക്ക് എനിക്ക് ഇഷ്ടമായില്ല. ലോക സിനിമ ആ സങ്കേതം (ambiguity) എന്നേ ഉപേക്ഷിച്ചതാണെന്ന് എനിക്ക് തോന്നി.
ഡേവിഡ് ലിഞ്ചിന്‍റെ 'മൾഹോളണ്ട് ഡ്രൈവ്', സ്റ്റാൻലി കുബ്രിക്കിന്‍റെ 'ദി ഷൈനിങ്', അൽഹാന്ദ്രോ ഗോൺസാലസ് ഇന്യറിറ്റുവിന്‍റെ 'ദി ബേര്‍ഡ്‍മാന്‍', പത്മരാജന്‍റെ 'അപരൻ'... സിനിമകള്‍ക്ക് ഇനി സ്വന്തം മെരിറ്റിൽ പ്രേക്ഷകരുടെ തലയിൽ നിന്ന് ഇറങ്ങിപ്പോകാവുന്നതേയുള്ളൂ.അടൂര്‍ ഗോപാലകൃഷ്‍ണന്‍റെ അജയന്‍ തീര്‍ച്ചയായും കടമെടുത്തത് അകിര കുറോസവയുടെ 'റാഷൊമോൻ' ആയിരിക്കും. കഥ പറച്ചിലിനെക്കുറിച്ചാണ് ഈ കഥയെന്ന് അടൂര്‍ തന്നെ പിന്നീട് സമ്മതിച്ചിട്ടുണ്ട്.
അയാള്‍ പറയുന്ന കഥകളിലൂടെ എങ്ങനെ ഈ അവസ്ഥയിൽ (അജയന്‍റെ പതനം) എത്തിയെന്ന് അയാള്‍ വെളിപ്പെടുത്തുകയും നീതികരിക്കുകയും ചെയ്യുന്നു. നീതിയുക്തമായ ഒരു വിശദീകരണവും പൂര്‍ണമായ ഒരു ഉത്തരവും (അയാളെക്കുറിച്ച്) നൽകുന്നില്ല - സ്വന്തം സിനിമയെക്കുറിച്ച് അടൂര്‍ എഴുതുമ്പോള്‍ കമ്യുവിന്‍റെ നോവൽ കൂടുതൽ പ്രസക്തമാകുന്നു.
അനന്തരത്തിലെ അജയന്‍ എല്ലാത്തിനെയും 'ജയിച്ച'യാളാണ്: അമ്മയുടെ ഉപേക്ഷയെ അവന്‍ അതിജീവിച്ചു, സ്കൂളിലെ മാഷിന്‍റെ അവജ്ഞയെ അവന്‍ അതിജീവിച്ചു, ഡ്രിൽ മാസ്റ്ററുടെ സാമര്‍ഥ്യത്തെ അവന്‍ അതിജീവിച്ചു. പക്ഷേ, അജയന്‍റെ ആദ്യത്തെ പരാജയം, അവനെ വേണ്ടെന്ന് വച്ച അമ്മയെപ്പോലെ മറ്റൊരു സ്ത്രീയിൽ നിന്നാണ്. ലത, സുമ, നളിനി, ലോലിത, യക്ഷി… അജയന്‍ അയാളുടെ ജീവിതത്തിലെ സ്ത്രീകളോട് ഒരിക്കലും അടുക്കുന്നില്ല.
അപൂര്‍ണമാണ് അജയന്‍റെ കഥ, ചിലര്‍ക്കെങ്കിലും അവിശ്വസനീയവും. ഇതിന് മുൻപ് ഞാൻ അൽബേര്‍ കമ്യുവിന്‍റെ ദി ഔട്ട്‍സൈഡര്‍ വായിക്കുന്ന ഒരു കഥാപാത്രത്തെ കണ്ടത് ആങ് ലിയുടെ 'ലൈഫ് ഓഫ് പൈ'യിലാണ്.
പോണ്ടിച്ചേരിയിലെ ഒരു ചൂടുകാലത്ത്, കടൽപ്പാലത്തിന്‍റെ കീഴെ, ശാന്തമെന്ന് തോന്നിപ്പിക്കുന്ന മുഖഭാവത്തോടെ, തൊലിക്ക് ബ്രൗൺ നിറമുള്ള ഒരു കൗമാരക്കാരൻ 'ദി ഔട്ട്‍സൈഡറി'ന്‍റെ ഫ്രഞ്ച് ഭാഷയിലുള്ള പതിപ്പ് വായിക്കുകയാണ്.
ലോകത്ത് എല്ലാത്തിനെയും കുറിച്ച് കൗതുകവും എല്ലാത്തിലും മിടുക്കുമുണ്ടായിരുന്നു 'കുഞ്ഞ് അജയനെ'ക്കുറിച്ച് ഭാവിയിൽ നിന്ന് പുറപ്പെടുന്ന അതേ മോണൊലോഗ് പോലെ, ഇര്‍ഫാന്‍ ഖാന്‍ ശബ്ദിക്കുന്നു: "ഞാന്‍ അസ്വസ്ഥനായി, എന്‍റെ ജീവിതത്തിന് അര്‍ത്ഥം നൽകുന്ന എന്തെങ്കിലും തെരഞ്ഞെന്നപോലെ."
-ends-
Write a comment ...