ജാസി ​ഗിഫ്റ്റിനെ ആർക്കാണ് പേടി?

ചില ആളുകൾ നാഷണൽ ട്രഷർ (National treasure) ആണ്.

ഉദാഹരണം, ക്ലിന്റ് ഈസ്റ്റ് വുഡ് (Clint Eastwood). എല്ലാവരും കണ്ണിമവെട്ടാതെ നോക്കുന്ന ഒരു 'ഐക്കൺ'. അയാൾക്ക് സ്റ്റെപ്പ് പിഴക്കാം, ഇടയ്ക്ക് ഒളിവിൽ പോകാം, മോശം വർക്ക് ചെയ്യാം, പക്ഷേ, എന്നാലും ഒരു കാലഘട്ടത്തിൽ -- അത് ചെറുതോ വലുതോ ആയിക്കൊള്ളട്ടെ -- അവരെന്തെങ്കിലും ഇൻവെന്റ് (invent) ചെയ്യും. അത് അവരുടെയും ആ മേഖലയുടെയും ലെ​ഗസിയുടെ ഭാ​ഗമാകും.

മലയാളത്തിൽ അവശേഷിക്കുന്ന ഒരു നാഷണൽ ട്രഷർ ജാസി ​ഗിഫ്റ്റ് ആണ്. ജാസി, മിക്കപ്പോഴും മോഹൻലാലിനെപ്പോലെ അന്തർമുഖൻ. പക്ഷേ, ലാലേട്ടനെപ്പോലെ ഇമേജ് ബ്രേക്ക് ചെയ്യുന്ന അഭിപ്രായങ്ങൾ ഇല്ല. ഒരു കാലത്ത് കിരൺ ടിവിയും ജുക്ബോക്സും എടുത്തു കുലുക്കുന്ന ഒരുപിടി ട്രാക്കുകൾ ഉണ്ടാക്കിയ ശേഷം, ജാസി ദക്ഷിണേന്ത്യയിലെ മറ്റു ഭാഷകളിലേക്ക് പോയി.

എന്നിട്ടും ഓർമ്മയിൽ പുതുമഴ പോലെ മലയാളത്തിൽ ജാസി തുടരുന്നു. Gen Z ജാസിയെ വീണ്ടെടുത്തു. അന്നത്തെ കാലത്ത് തന്നെ ഇടത്തരം 'കൗണ്ടർകൾ‌ച്ചറാ'യിരുന്ന ജാസിയെ 90s Kids മുൻപേ അപ്രൂവ് ചെയ്തിരുന്നതാണ്. അതുകൊണ്ട് 2024-ലും ജാസി ജനപ്രിയനായി തുടരുന്നു.

മലയാളത്തിൽ സിനിമാ സം​ഗീതം ഒരു 'എലീറ്റ്' സങ്കൽപ്പമാണ്. കണിശമായി നിയമങ്ങൾ പാലിക്കുന്ന കവികൾ, സം​ഗീത സംവിധായകർ. പാട്ടിന്റെ 'സെലസ്റ്റിയൽ വോയിസ്' (celestial voice) വെളുത്ത ജുബ്ബയിട്ട, ഉണ്ണിയമ്മയുടെ "മണ്ണിലിറങ്ങിയ ​ഗന്ധർവ്വൻ". സൗമ്യ സംസാരം, തെളിച്ച നിലവിളക്ക്, ചുക്കു കാപ്പി, ജ​ഗദീശ്വരന്റെ അനു​ഗ്രഹവും. പിന്നാലെ വന്നവരും കരയുള്ള മുണ്ടു ചുറ്റിയ അല്ലെങ്കിൽ സാരി ചുറ്റിയവർ.

ഈ ആനന്ദഭവനിലെ മസാലദോശ സമ്മേളനത്തിനിടയിലേക്ക് ബി.ഡി.എഫ് അന്വേഷിച്ചു വന്നയാളെപ്പോലെ ജാസി ​ഗിഫ്റ്റ് വരുന്നു, അന്തിച്ചു നിൽക്കുന്നവരോട് പറയുന്നു - "എവരി ടൈം ഐ wanna സീ മൈ ​ഗേൾ."

ഓർക്കണം, 'പ്രായം നമ്മിൽ മോഹം നൽകി...' എന്ന പാട്ട് ഒരടിച്ചുപൊളി പാട്ടാണെന്ന് വിശ്വസിച്ചിരുന്ന ഒരു ജനതയ്ക്ക് മുന്നിലേക്കാണ് ജാസിയുടെ ലജ്ജാവതി വന്നത്. ഒരു നൂറ്റാണ്ടിൽ നിന്ന് ബസ് പിടിച്ച് മൂന്നാല് നൂറ്റാണ്ട് മുന്നിലെത്തിയ പോലെയുള്ള ഒരനുഭവമാണത്.

അതിൽ പുളകം കൊണ്ട് മില്ലേനിയൽ ഫു**കൾ ഇപ്പോഴും കമന്റ് ബോക്സുകളിൽ എഴുതുന്നു: "അന്ന് ജാസിയുണ്ടാക്കിയ ഓളമൊന്നും പിന്നെ ആരും ഉണ്ടാക്കിയിട്ടില്ല."

ഈ നൂറ്റാണ്ടുകൾക്ക് ഇടയിലൊന്നും കാര്യമായ മാറ്റം സംഭവിക്കാത്ത ഒരു മേഖല കേരളത്തിലെ പ്രൈവറ്റ് കോളേജുകളാണെന്ന് തോന്നുന്നു; അവ കൂടുതൽ ചുരുങ്ങി.

പണ്ട് മഹാരാജാസിലെ നാക് (NAAC) അക്രഡിറ്റേഷൻ ആഴ്ച്ചയിൽ പ്രിൻസിപ്പൽ ക്ലാസ്സിൽ കയറാത്തവരെ മുഴുവൻ പിടിക്കാൻ സ്വന്തം ​ഗുഹയിൽ നിന്ന് ഇറങ്ങി. വിശാലമായ ക്യാംപസിന്റെ ഓരോ മുക്കിലും മൂലയിൽ നിന്നും കണ്ണിൽ കാണുന്നവരെ അവർ പിടികൂടുകയും 'ഗോ റ്റു യുവർ ക്ലാസ്സ്' എന്ന് സ്വൽപ്പം അധികാരത്തോടെ പറയുകയും ചെയ്തു.

കിളികൾ കുരങ്ങന്മാർക്കും കുരങ്ങന്മാർ ആനകൾക്കും സന്ദേശം കൈമാറുന്ന ഒരു ബാലരമ കഥപോലെ പ്രിൻസിപ്പൽ ഇറങ്ങിയ വിവരം കുട്ടികൾ പരസ്പരം കൈമാറി. അധികം വൈകാതെ പ്രിൻസിപ്പൽ മൂന്നു മീറ്റർ‌ മുൻപിലും മുഴുവൻ കോളേജ് അവർക്ക് പിന്നിലുമായി രസകരമായ ഒരു ഒളിച്ചുകളി ആരംഭിച്ചു. മടുത്തപ്പോൾ പ്രിൻസിപ്പൽ സ്വന്തം ​ഗുഹയിലേക്ക് മടങ്ങി.

പ്രൈവറ്റ് കോളേജുകൾ പക്ഷേ, ഇപ്പോൾ അങ്ങനെയല്ല. യൂണിഫോമുണ്ട്, കഴുത്തിൽ ടാ​ഗ് ഉണ്ട്. വിനീത് ശ്രീനിവാസൻ യൂണിവേഴ്സിലാണെങ്കിൽ നിറമുള്ള മാകറൂണുകൾ ബേക് ചെയ്ത് കുട്ടികളെ തീറ്റിക്കുന്ന ടീച്ചറുമുണ്ട്.

പക്ഷേ, ഇടയ്ക്ക് ഓരോന്ന് കാണുന്നു: അഞ്ച് മിനിറ്റ് വൈകിയാൽ ​ഗേറ്റിന് പുറത്ത്, അല്ലെങ്കിൽ വീട്ടിലേക്ക്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഇടനാഴി, കർഫ്യൂ...

അതോറിറ്റി ഫി​ഗറുകളെ വെറുക്കുന്ന, അവനവൻ ആനന്ദത്തെക്കുറിച്ച് ചിന്തിക്കുന്ന, കളർ ഡ്രസ് ഇടാൻ അനുമതിയുള്ള ദിവസങ്ങളെക്കുറിച്ച് എക്സൈറ്റഡ് ആയ കുട്ടികൾ, ആർട്ട്സ് ഡേയ്ക്ക് ജാസി ​ഗിഫ്റ്റിനെ വിളിക്കുന്നത് ഓൾഡ് സ്കൂൾ പ്രിൻസിപ്പൽമാർക്ക് കൊച്ചി മറൈൻഡ്രൈവിലെ പാർക്ക് ബെഞ്ചുകളിൽ കുടകൊണ്ട് തലമൂടി ഇരിക്കുന്ന ആണിനെയും പെണ്ണിനെയും കാണുന്നത് പോലെയാണ്: "എന്നാലും അവരെന്തായാരിക്കും കുടയ്ക്ക് കീഴിൽ എടുക്കുന്നത്?"

ജാസി ​ഗിഫ്റ്റ് ഒരു നാഷണൽ ട്രഷർ ആണ്. എന്റെ പുസ്തകത്തിൽ ജാസിക്ക് ഒരിക്കലെ ഒരു തെറ്റ് പറ്റിയിട്ടുള്ളൂ. അത് 'എ രഞ്ജിത് സിനിമ' എന്ന മലയാള സിനിമയിൽ ഒരു അതിഥി വേഷം ചെയ്തതാണ്. ചിലപ്പോൾ ആ പ്രിൻസിപ്പൽ ആ സിനിമ കണ്ടു കാണും, ജാസി ​ഗിഫ്റ്റ് ആരാധികയായിരുന്ന അവർ അതിൽ ട്രി​ഗർ ആയാതാകാം. എന്നാലും ജാസി ഈ അധിക്ഷേപം അർഹിക്കുന്നുണ്ടോ? ഒരിക്കലുമില്ല.

നിങ്ങൾക്ക് എല്ലാ മൈക്കുകളും പിടിച്ചു മേടിക്കാം, എന്നാലും ഓർമ്മകൾ പാടിക്കൊണ്ടിരിക്കും: "തില്ലേലേ തില്ലേലേ, ധും ധനക്കിട തില്ലേലേ... തില്ലേലേ തില്ലേലേ, ധും ധനക്കിട തില്ലേലേ..."

Write a comment ...

Write a comment ...

Abhijith VM

Content Writer at Asianet News (Digital Sales.) Hibernating Journalist. Previously: Times Internet, Mathrubhumi. Bi-lingual. Opinions strictly personal.