Take away
ഞാൻ 30 പിന്നിട്ടു. ആളുകൾ വിവാഹത്തെക്കുറിച്ചും കണ്ണാടി വയറുചാടിയതിനെക്കുറിച്ചും എന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. ദിവസങ്ങൾക്കിപ്പോൾ സകലതിനെയും വെറുക്കാനും പുച്ഛിക്കാനുമുള്ള 20കളുടെ പ്രസരിപ്പില്ല, മറിച്ച് എന്തെല്ലാമോ ആകാൻ ആഗ്രഹിച്ചിരുന്നു എന്നും അതെല്ലാം അകലേക്ക് ഒഴുകിപ്പോയെന്നുമുള്ള ഒരുതരം തിരിച്ചറിവിന്റെ പക്വതയുണ്ട്. പക്ഷേ, മറ്റുള്ളവരുടെ തിരക്കുകൾ കാരണമല്ലാതെ സ്വയം ഇഷ്ടംകൊണ്ട് മാത്രം ഒറ്റയ്ക്കിരിക്കുമ്പോൾ ഇതെല്ലാം വെറുതെയാണെന്നും തോന്നും. ചാരം മൂടിയ കനൽ പോലെയെ കാര്യങ്ങളുള്ളൂ, എല്ലായിപ്പോഴും നിങ്ങൾ എരിഞ്ഞുകൊണ്ടിരിക്കും. ഇപ്പോൾ എവിടെയെങ്കിലും എത്തിയാൽ ജീവിതം കരയ്ക്ക് അടുക്കുമെന്ന ചിന്തയൊന്നും എനിക്കില്ല. അറുപതുകളിലും എഴുപതുകളിലും എന്നെക്കാൾ ദരിദ്രരായ ആളുകളെ ഞാൻ കാണുന്നുണ്ട്. അവരാരും എന്നെക്കാൾ വലിയ നിലയിലാണെന്ന് കരുതുന്നവരുടെ ജീവിതത്തിൽ നിന്നും വിഭിന്നമായാണ് ജീവിക്കുന്നത് എന്ന് തോന്നുന്നില്ല. അവരുടെ സുഹൃത്തുക്കൾ, അവരുടെ ഫോൺ കോളുകൾ, അവരുടെ ഷോപ്പിങ് റെസിപ്റ്റുകൾ എല്ലാം വേറെയാകാം, പക്ഷേ, അവരും ഈ ഭക്ഷ്യശൃംഖലയുടെ മുകളിലെ ജീവികളല്ല. ജീവിതമിരിക്കുന്നത് അതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുന്ന നിമിഷങ്ങളിലാണെന്ന് തോന്നുന്നു. ഒരു വർഷത്തിനിടെ പോയ ഒരു യാത്ര ഓർമ്മ വരുന്നു. ആൽബിൻ കുര്യൻ കാർ ഓടിക്കുന്നു. ഞാൻ മുന്നിലിരിക്കുന്നു. ഇന്ദു കൃഷ്ണ പിന്നിലിരിക്കുന്നു. തൃശ്ശൂർ എവിടെയോ ഒരു റോഡരികിൽ ഒരു കഫെ കണ്ട് വണ്ടി നിറുത്തുന്നു. ഞാനും ഇന്ദുവും ഇറങ്ങി, കുറച്ച് പിന്നിലേക്ക് നടന്ന് അവിടെ കയറുന്നു. വളരെ ഭവ്യതയോടെ ജീവനക്കാർ സമീപിക്കുന്നു. ഒരു ലാറ്റേ ആണെന്ന് തോന്നുന്നു, ഭംഗിയുള്ള ഒരു ഡിസ്പോസിബിൾ ടേക് എവേ കോഫി കപ്പിൽ വാങ്ങുന്നു. അവിടെ ആ കഫെയുടെ അകത്ത് ഒരു ടേബിളിൽ ഇരുന്ന കാമുകനും കാമുകിയും ഞങ്ങളുടെ ഉച്ചത്തിലുള്ള സംസാരം ശ്രദ്ധിച്ചു കേൾക്കുന്നു. ഞങ്ങൾ ബിൽ അടച്ച് തിരികെ കാറിൽ കയറുന്നു. ആ കഫെയെക്കുറിച്ച് എന്തോ ഒരു കമന്റ് പറയുന്നു. വണ്ടി വീണ്ടും ഉരുണ്ടു തുടങ്ങുന്നു. ഈ സംഭവത്തിന് ശേഷവും മുൻപും ജീവിതത്തിൽ ഉണ്ടായ എല്ലാ യുദ്ധങ്ങൾക്കും ജീവിതത്തിൽ അതിന്റെതായ സ്ഥാനമുണ്ടെങ്കിലും ആ കുറച്ചു നേരത്തെക്കുറിച്ച് മാത്രമേ എനിക്കിപ്പോൾ ചിന്തിക്കാൻ പറ്റുന്നുള്ളൂ. ഒരു പ്രത്യേകതയും ഇല്ലാതിരുന്നിട്ടും, ആ നിമിഷങ്ങൾക്ക് ലോകത്തിലെ സകലമാന ദുരന്തങ്ങളിൽ നിന്നും ആകർഷണങ്ങളിൽ നിന്നും വേർപെട്ട് നിൽക്കാൻ പറ്റുന്നു എന്നതിൽ എന്തോ അത്ഭുതമില്ലേ? അതുപോലെയുള്ള നിമിഷങ്ങളിലെ ജീവിതമുള്ളൂ. ബാക്കിയെല്ലാം അഭിനയമാണ്.